അങ്കാറ: തുര്‍ക്കി മന്ത്രിമാരുടെ അമേരിക്കയിലെ സ്വത്ത് മരവിപ്പിച്ച നടപടിയില്‍ തിരിച്ചടിച്ച് തുര്‍ക്കി. അമേരിക്കയുടെ രണ്ട് മന്ത്രിമാരുടെ തുര്‍ക്കിയിലുള്ള ആസ്തികള്‍ മരവിപ്പിച്ചാണ് തുര്‍ക്കി അമേരിക്കയുടെ നടപടിക്ക് പകരം വീട്ടിയത്. സംഭവത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര ബഹുമാനത്തോടെയുള്ള നയതന്ത്ര ഇടപെടലിന് പകരം അമേരിക്ക പ്രകോപനപരമായ നടപടിയാണ് സ്വീകരിച്ചത്. തെറ്റ് തിരുത്താന്‍ അമേരിക്ക ഇന്നലെ വരെ സമയം നല്‍കി. എന്നാല്‍ അതിന് തയ്യാറായില്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ ശക്തമായ നടപടി തുര്‍ക്കി സ്വീകരിച്ചതെന്നും മന്ത്രിമാരുടെ സ്വത്ത് മരവിപ്പിക്കാന്‍ ഉത്തരവിട്ട ശേഷം തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.
അമേരിക്കന്‍ പൗരന്‍ പാസ്റ്റര്‍ ആഡ്രൂ ബ്രൂണ്‍സണ്‍ തടവിലാക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളിലും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. ഭരണകൂടത്തെ പുറത്താക്കാന്‍ ശ്രമിച്ച ഉര്‍ദുഗാന്റെ എതിരാളിയായ ഫതഹുല്ല ഗുലന് വേണ്ടി പാസ്റ്റര്‍ പ്രവര്‍ത്തിച്ച് തുര്‍ക്കി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് ഒന്നര വര്‍ഷം മുമ്പ് ് പാസ്റ്ററെ തടവിലാക്കിയത്. കഴിഞ്ഞാഴ്ച ജയില്‍ മോചിതനായെങ്കിലും പാസ്റ്റര്‍ ഇപ്പോഴും തുര്‍ക്കിയില്‍ ഭരണകൂടത്തിന്റെ വീട്ടുതടങ്കലില്‍ തന്നൈയാണ്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.
പാസ്റ്ററിനെ അന്യായമായി തടവിലാക്കിയതില്‍ തുര്‍ക്കി മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നും ഇത് വലിയ മനുഷ്യാവകാശ ലംഘനമാണെന്നുമാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ആരോപണം. തുടര്‍ന്ന് തുര്‍ക്കി നിയമ മന്ത്രി അബ്ദുല്‍ ഹമീദ് ഗുല്‍, ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്ലു എന്നിവരുടെ അമേരിക്കയിലെ സ്വത്തുക്കള്‍ ട്രംപ് ഭരണകൂടം കഴിഞ്ഞ ദിവസം മരവിപ്പിച്ചു. കൂടാതെ ഇവരുമായി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഒരു കാലത്ത് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും വിമത നേതാവ് ഫതഹുല്ലാ ഗുലനും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. പിന്നീട് വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചതോടെ ബന്ധം വഷളാകുകയായി. തുടര്‍ന്ന് തുര്‍ക്കി സൈന്യത്തില്‍ സ്വാധീനമുണ്ടായിരുന്ന ഗുലന്‍, അതു ഉപയോിച്ച് 2016ല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പട്ടാള അട്ടിമറി ശ്രമം ഉര്‍ദുഗാന്‍ ജനകീയമായി ചെറുത്തു തോല്‍പ്പിച്ച് ഭരണം നിലനിര്‍ത്തി. തുടര്‍ന്ന് അമേരിക്കയിലേക്ക് ചേക്കേറിയ ഗുലനെ വിട്ടുകിട്ടണമെന്ന് തുര്‍ക്കി ഭരണകൂടം അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അമേരിക്ക അതിന് തയ്യാറായിരുന്നില്ല. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി തുടങ്ങുന്നത്.