X

തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 24,000 പിന്നിട്ടു

തുര്‍ക്കിയെയും സിറിയയെയും തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24,000 പിന്നിട്ടു.1999ലെ തുര്‍ക്കി ഭൂകമ്പത്തേക്കാളും വലിയ നാശനഷ്ടമാണ് ഇത്തവണത്തേതെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. വിമത നിയന്ത്രിത പ്രദേശത്ത് 2,037 പേരും സര്‍ക്കാര്‍ നിയന്ത്രിത മേഖലയില്‍ 1,340 പേരും കൊല്ലപ്പെട്ടതായാണ് കണക്ക്.

അതേ സമയം ഭൂകമ്പത്തില്‍ രക്ഷപ്പെട്ടവരില്‍ പലര്‍ക്കും പാര്‍പ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ലഭ്യമല്ലാത്തത് കാരണം അതിജീവിച്ചവര്‍ പോലും മരണ മുഖത്താണ്. അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഭൂകമ്പമുണ്ടായി 5 ദിവസം പിന്നിടുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ മങ്ങുകയാണ്. എങ്കിലും 100 മണിക്കൂറിന് ശേഷവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അത്ഭുതകരമായി ആളുകളെ ജീവനോടെ കണ്ടെടുക്കുന്നത് ആശ്വാസം നല്‍കുന്നുണ്ട്. തുര്‍ക്കിയിലെ കിരിഖാനില്‍ നിന്നും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്ന 40കാരി സൈനബ് കഹ്‌റാമന്‍ എന്ന യുവതിയെ ഭൂകമ്പമുണ്ടായി 104 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാ പ്രവര്‍ത്തകര്‍ ഇന്നലെ ജീവനോടെ രക്ഷപ്പെടുത്തി. താനിപ്പോള്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നുവെന്നായിരുന്നു രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ രാജ്യാന്തര രക്ഷാ പ്രവര്‍ത്തന ടീമിന്റെ തലവന്‍ സ്റ്റീവന്‍ ബയറുടെ പ്രതികരണം. ഇവിടെ ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുന്നതിന്റേയും കരയുന്നതിന്റേയും കാഴ്ചകള്‍ കാണാം. ഒരു യുവതി ഇത്രയും ദുസ്സഹമായ സാഹചര്യം അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്നുവെന്നത് വലിയ ആശ്വാസം പകരുന്നതാണ് അദ്ദേഹം പറഞ്ഞു.

അതേ സമയം തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിന്റെ നാശത്തിന്റെ തോത് ഇപ്പോഴും പൂര്‍ണ രീതിയില്‍ മനസിലാക്കാനായിട്ടില്ല. രക്ഷാ പ്രവര്‍ത്തനത്തിനായി തുര്‍ക്കിയിലെ ഖനി തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ വടക്കന്‍ സിറിയയിലേക്ക് യു.എന്നിന്റെ 14 വാഹനങ്ങള്‍ അവശ്യ സാധനങ്ങളുമായി എത്തിയിട്ടുണ്ട്. ടെന്റുകളും ബ്ലാങ്കറ്റുകളും ഭക്ഷ്യ വസ്തുക്കളുമാണ് വാഹനങ്ങളിലുള്ളത്. പ്രതിപക്ഷ നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയയില്‍ 20 ലക്ഷം അഭയാര്‍ത്ഥികളാണുള്ളത്. സിറിയയിലേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനാവുന്നില്ലെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. അതിനിടെ തുര്‍ക്കിയിലെ തെക്കന്‍ നഗരമായ ഇസ്‌കെന്ററണില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഒരു കുടുംബത്തിലെ ആറു പേരെ ഭൂകമ്പമുണ്ടായി 101 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലെ ഭീമിനിടയില്‍ കുടുങ്ങിയ ഇവരെ രക്ഷപ്പെടുത്താനായത് വലിയ ആശ്വാസം പകരുന്നതാണെന്ന് രക്ഷാ പ്രവര്‍ത്തകനായ മുറാത് ബൈഗല്‍ പറഞ്ഞു.

 

 

 

webdesk11: