X
    Categories: Newsworld

തുര്‍ക്കി- സിറിയ ഭൂകമ്പം: മരണസംഖ്യ 34,000 കവിഞ്ഞു

ഇസ്താംബൂള്‍: ഭൂകമ്പങ്ങളില്‍ തകര്‍ത്തെറിയപ്പെട്ട തുര്‍ക്കിയിലും സിറിയയിലും ദുരിത പ്രകമ്പനങ്ങള്‍ അവസാനിക്കുന്നില്ല. മരണനിരക്ക് 34,000  കടന്നു. ഭവനരഹിതരായ ലക്ഷക്കണക്കിന് ആളുകള്‍ കൊടുംതണുപ്പില്‍ വിറച്ചു കഴിയുകയാണ്.
തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ദുരന്തം നടന്നിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത മങ്ങുകയാണ്.

കാണാതായ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി നൂറുകണക്കിന് ആളുകളാണ് ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കു മുന്നില്‍ കണ്ണീരോടെ കാത്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. അദിയാമനില്‍ തകര്‍ന്ന കെട്ടിടത്തിലാണ് എലിഫ് ബുഷ്‌റ ഓസ്ടര്‍കിന്റെ അമ്മാവനും ഭാര്യയും കുടുങ്ങിക്കിടക്കുന്നത്. ദിവസങ്ങളായി സഹായം കാത്തു കഴിയുന്ന ഇവിടേക്ക് ഒരാളും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് എലിഫ് പറയുന്നു.

തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. എല്ലായിടത്തും ഒരേ സമയം ഓടിയെത്താന്‍ സാധിക്കാതെ രക്ഷാപ്രവര്‍ത്തകരും തളരുകയാണ്. അധികൃതര്‍ തങ്ങളെ അവഗണിക്കുകയാണെന്ന തോന്നല്‍ ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്. പലയിടത്തും രോഷം അണപൊട്ടിത്തുടങ്ങിയതായി അസോസിയേറ്റഡ് പ്രസ് പറയുന്നു. എപ്പോഴെങ്കിലും ഓടിയെത്തിയതുകൊണ്ട് അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എന്തു പ്രയോജനമെന്ന് 66കാരനായ അബ്ദുല്ല ടാസ് ചോദിക്കുന്നു.
ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാതെ ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകരാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. സിറിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഹതായ് പ്രവിശ്യയില്‍ മതപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ തുര്‍ക്കി ഭരണകൂടം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന ആരോപണം ശക്തമായി.

അന്‍താക്യയിലെ കൂറ്റന്‍ ആഡംബര കെട്ടിടത്തില്‍ ഭൂകമ്പം നടക്കുമ്പോള്‍ ആയിരത്തോളം താമസക്കാരുണ്ടായിരുന്നു. 12 നിലയുള്ള കെ ട്ടിടം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കോണ്‍ക്രീറ്റ് സ്ലാബുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കാന്‍ ശ്രമിക്കുന്നുണ്ട്. സമയം അതിക്രമിച്ചുകൊണ്ടിരിക്കെ ജനങ്ങള്‍ക്ക് ക്ഷമയും നശിച്ചു തുടങ്ങി.

പിഞ്ചുകുട്ടികള്‍ അടക്കം നിരവധി പേരാണ് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഓരോ മൃതദേഹങ്ങള്‍ പുറത്തെടുത്ത് കൊണ്ടുവരുമ്പോഴും അത് തങ്ങളുടെ ബന്ധുക്കളുടേതാണോ എന്നറിയാന്‍ ആളുകള്‍ കൂട്ടത്തോടെ ഓടിയെത്തുന്നുണ്ട്. തുര്‍ക്കിയിലെ 10 പ്രവിശ്യകളിലാണ് ഭൂകമ്പം നാശം വിതച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പരമാവധി ഊര്‍ജിതമാക്കുന്നുണ്ടെങ്കിലും ഭരണകൂടത്തിന് ജാഗ്രത പോരെന്ന ആരോപണം പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നിഷേധിച്ചു. പക്ഷെ, പോരായ്മകളുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
ഹതായിലെ വിമാനത്താവളവും റോഡുകളും ഭൂകമ്പത്തില്‍ തകര്‍ന്നത് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കിയിരുന്നു.

webdesk11: