റസാഖ് ഒരുമനയൂര്‍
അബുദാബി: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 21,000 കവിഞ്ഞു. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഇതുവരെ 80,000 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരുടെ എണ്ണത്തിലും വന്‍വര്‍ധനവുണ്ടാകും. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും കടന്നുചെല്ലാന്‍ കഴിയാത്ത ഇടങ്ങളില്‍ ഇനിയും അനേകങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരക്കണക്കിനുപേര്‍ ചികിത്സക്കുവേണ്ടി ആശുപത്രികളില്‍ കാത്തുകഴിയുന്നുണ്ട്. ഇത്രയും പേര്‍ക്ക് അടിയന്തിരമായി ചികിത്സ നല്‍കാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായെന്ന് ഉറപ്പ് വരുത്തുന്നതോടെ മാത്രമെ മരണസംഖ്യയുടെയും പരിക്കേറ്റവരുടെയും ശരിയായ കണക്ക് ലഭിക്കുകയുള്ളു. ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനിടെ ദുരതബാധിത പ്രദേശങ്ങളില്‍നിന്നുള്ള വിവിധ ദൃശ്യങ്ങള്‍ ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. കോണ്‍ഗ്രീറ്റ് ബീമുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മക്കളും അവരെ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ ദീനരോദനങ്ങളും സോഷ്യല്‍ മീഡിയകളില്‍ പതിനായിരങ്ങളുടെ കരളലയിക്കുന്ന കാഴ്ചകളാണ്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള സഹായങ്ങള്‍ സിറിയയിലേക്കും തുര്‍ക്കിയിലേക്കും ഒഴുകിക്കൊണ്ടിരിക്കുകയാണ്. യുഎഇ 100 ദശലക്ഷം യുഎസ് ഡോളറാണ് സഹായമായി എത്തിക്കുന്നത്. കൂടാതെ അവശ്യവസ്തുക്കളും എംബസി മുഖേ ഇരുരാജ്യങ്ങളിലേക്കും അയച്ചുകൊടുക്കുന്ന നടപടികള്‍ സജീവമാണ്. അതേസമയം സഹായങ്ങള്‍ അര്‍ഹരായവരുടെ കൈകളില്‍ തന്നെ എത്തിച്ചേണരണമെന്ന കാര്യത്തില്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.