ഇസ്തംബൂള്‍: സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ വ്യോമാക്രമണം നിര്‍ത്തണമെന്ന് റഷ്യയോടും ഇറാനോടും തുര്‍ക്കി ആവശ്യപ്പെട്ടു.
പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് റഷ്യയിലെയും ഇറാനിലെയും അംബാസഡര്‍മാരെ തുര്‍ക്കി തിരിച്ചുവിളിച്ചു. സിറിയന്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ തുര്‍ക്കിയും റഷ്യയും ഇറാനും സഹകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഇദ്‌ലിബില്‍ വ്യോമാക്രമണം ശക്തമാക്കിയിരിക്കുന്നത്.
ഇറാനും റഷ്യയും ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്ലു പറഞ്ഞു. പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ സേന ഇദ്‌ലിബില്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.
അവരുടെ ഉദ്ദേശ്യം വ്യത്യസ്തമാണ്. വ്യോമാക്രമണത്തെ ലളിതമായി കാണാനാവില്ല-അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കി അതിര്‍ത്തിക്കു സമീപമാണ് ഇദ്‌ലിബ്. സിറിയന്‍ സമാധാന പ്രക്രിയയില്‍ ഇറാനും റഷ്യയും ഭരണകൂടത്തോടൊപ്പവും തുര്‍ക്കി പ്രതിപക്ഷത്തോടൊപ്പവുമാണ്.
ഇദ്‌ലിബിലെ അക്രമങ്ങളില്‍ 95 ശതമാനത്തിനും പിന്നില്‍ സിറിയന്‍ ഭരണകൂടവും അവരെ പിന്തുണക്കുന്ന സായുധ ഗ്രൂപ്പുകളോ ആണെന്ന് കാവുസോഗ്ലു ആരോപിച്ചു.
റഷ്യന്‍ വ്യോമാക്രണങ്ങളുടെ പിന്‍ബലത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന സിറിയന്‍ സേനക്കു മുന്നില്‍ വിമതര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. നിരവധി നഗരങ്ങള്‍ ഇതിനകം വിമതര്‍ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു.