X
    Categories: MoreViews

തുര്‍ക്കി സൈനിക സംഘം ഖത്തറിലെത്തി

ദോഹ: അറബ് നയതന്ത്ര പ്രതിസന്ധി തുടരുന്നതിനിടെ പുതിയൊരു സംഘം തുര്‍ക്കി സൈനികര്‍ കൂടി ഖത്തറിലെ തുര്‍ക്കി സൈനിക ക്യാമ്പിലെത്തി. ഇരുരാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ പ്രതിരോധ കരാര്‍ പ്രകാരമാണ് തുര്‍ക്കി കൂടുതല്‍ സൈനികരെ അയച്ചത്. തലസ്ഥാനമായ ദോഹയിലെ അല്‍ ഉബൈദ് വ്യോമതാവളത്തില്‍ സൈനികര്‍ എത്തിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.വൈകാതെ ഇവര്‍ താരിഖ് ബിന്‍ സിയാദ് സൈനിക താവളത്തിലെ തുര്‍ക്കി സൈനികരുമായി ചേരും. ഖത്തറിന്റെ സായുധസേനക്ക് പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് തുര്‍ക്കി സൈനികര്‍ എത്തിയിരിക്കുന്നത്. 2015ലാണ് ഖത്തറില്‍ ആദ്യമായി തുര്‍ക്കി സൈനിക വിന്യാസം നടന്നത്.

ഖത്തറില്‍ തങ്ങളുടെ സൈന്യത്തിന്റെ എണ്ണം മുവ്വായിരമായി വര്‍ധിപ്പിക്കാനാണ് തുര്‍ക്കിയുടെ പദ്ധതി. സഊദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നയന്ത്ര ബന്ധം വിച്ഛേദിച്ചപ്പോള്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പിന്തുണ ഖത്തറിന് ആശ്വാസമായിരുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഈ നാല് അറബ് രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്. നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിന് തുര്‍ക്കി മധ്യസ്ഥനായും പ്രവര്‍ത്തിക്കുന്നുണ്ട്.

chandrika: