ഇസ്തംബൂള്‍: വടക്കന്‍ സിറിയയിലെ മന്‍ബിജ് മേഖലയില്‍നിന്ന് യു.എസ് സൈന്യത്തെപിന്‍വലിക്കാന്‍ തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെട്ടു. കുര്‍ദിഷ് വൈ.പി.ജി പോരാളികള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതിന് അമേരിക്ക വാക്കുകള്‍ക്കു പകരം ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്നും മന്‍ബിജ് നഗരത്തില്‍നിന്ന് എത്രയും പെട്ടെന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്ലു പറഞ്ഞു.
സിറിയയുടെ വടക്കന്‍ മേഖലയില്‍നിന്ന് അമേരിക്കയുടെ പിന്തുണയുള്ള സിറിയന്‍ കുര്‍ദിഷ് പോരാളികളെ തുരത്താന്‍ തുര്‍ക്കി സേന ശ്രമം തുടരുന്നതിനിടെയാണ് യു.എസ് സേനയെ പിന്‍വലിക്കണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടിരിക്കുന്നത്. കുര്‍ദ് പോരാളികള്‍ക്കെതിരെയുള്ള സൈനിക നടപടിയെ തുടര്‍ന്ന് തുര്‍ക്കിയും അമേരിക്കയും മുഖാമുഖം എത്തിനില്‍ക്കെ മേഖലയില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
കുര്‍ദിഷ് ഭീകരസംഘടനയായ വൈ.പി.ജിയുമായുള്ള മുഴുവന്‍ ബന്ധങ്ങളും യു.എസ് വിച്ഛേദിക്കണമെന്ന് കാവുസോഗ്ലു ആവശ്യപ്പെട്ടു. വൈ.പി.ജിക്ക് അമേരിക്ക ഇനി ആയുധങ്ങള്‍ നല്‍കില്ലെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്മാസ്റ്റര്‍ തുര്‍ക്കി നേതൃത്വത്തെ ഫോണില്‍ വിളിച്ച് ഉറപ്പുനല്‍കിയിരുന്നു. നിരോധിച്ച സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പി.കെ.കെ)യുടെ ഉപവിഭാഗമായാണ് തുര്‍ക്കി വൈ.പി.ജിയെ കാണുന്നത്. വടക്കന്‍ സിറിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുര്‍ദിഷ് പോരാളികള്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് തുര്‍ക്കി പറയുന്നു. കുര്‍ദുകള്‍ക്കെതിരെയുള്ള സൈനിക നടപടിയില്‍ സിറിയന്‍ വിമത സംഘടനയായ ഫ്രീ സിറിയന്‍ ആര്‍മി(എഫ്.എസ്.എ)യും പങ്കെടുക്കുന്നുണ്ട്. കുര്‍ദ് പോരാളികളുടെ നിരവധി കേന്ദ്രങ്ങള്‍ തകര്‍ത്തതായി തുര്‍ക്കി സേന അവകാശപ്പെടുന്നു.