X

ഖത്തര്‍-തുര്‍ക്കി സഖ്യം ശക്തിപ്പെടുന്നു; ഒപ്പുവച്ചത് പത്തു കരാറുകള്‍- സാകൂതം വീക്ഷിച്ച് അറബ് ലോകം

ദോഹ: അറബ് ലോകത്തെ ശാക്തിക ചേരികള്‍ക്ക് പുതിയ മാനം നല്‍കി തുര്‍ക്കിയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഖത്തര്‍. വ്യാഴാഴ്ച ഇരുരാഷ്ട്രങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ പത്തു കരാറുകളില്‍ ഒപ്പുവച്ചു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ പ്രസിഡണ്ട് റജബ് ത്വയ്യിബ് എര്‍ദോഗന്റെയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെയും സാന്നിധ്യത്തിലാണ് കരാറുകള്‍ യാഥാര്‍ത്ഥ്യമായത്.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഖത്തറിന് സഹായമായി വന്നത് തുര്‍ക്കിയായിരുന്നു. തുര്‍ക്കി നല്‍കിയ നയതന്ത്ര-ഭക്ഷ്യ പിന്തുണ ഖത്തറിന് ഏറെ സഹായകമായിരുന്നു. അതു കൊണ്ടു തന്നെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള കരാറുകള്‍ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംയുക്ത പരമാധികാര ഫണ്ടാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഈ കരാറില്‍ തുര്‍ക്കി വെല്‍ത്ത് ഫണ്ട് സിഇഒ സഫര്‍ സോന്‍മെസും ഖത്തര്‍ ഇന്‍വസ്റ്റ്‌മെ്ന്റ് അതോറിറ്റി സിഇഒ ഇബ്രാഹിം അല്‍ മഹ്മൂദും ഒപ്പുവച്ചു.

തുര്‍ക്കി ഓഹരി വിപണിയിലെ ഏറ്റവും വലിയ ഓഹരി പങ്കാളിയാണ് തുര്‍ക്കി വെല്‍ത്ത് ഫണ്ട്. കരാര്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു.

മറ്റു കരാറുകള്‍ പ്രകാരം ഇസ്താംബൂളിലെ പ്രധാന ലക്ഷ്വറി മാളുകളില്‍ ഒന്നായ ഇസ്തിനിയെപാര്‍ക്കിലും മെയ്ഡ് ഇന്‍ ഇസ്താംബൂള്‍ ഗോള്‍ഡന്‍ ഹോണ്‍ പദ്ധതിയിലും ഖത്തര്‍ നിക്ഷേപമിറക്കും. തുര്‍ക്കി വ്യാപാര മന്ത്രാലയവും ഖത്തര്‍ ഫ്രീ സോണ്‍ അഡ്മിനിസ്‌ട്രേഷനും തമ്മില്‍ വ്യാപാര കരാറിലുമേര്‍പ്പെട്ടു.

അഞ്ചു വര്‍ഷത്തിനിടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ മൂന്നു മടങ്ങിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2019ലെ കണക്കു പ്രകാരം 2 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരമാണ് നടന്നിട്ടുള്ളത്.

Test User: