X

തുര്‍ക്കി മെസി റയലില്‍; ആറ് വര്‍ഷത്തെ കരാര്‍

മാഡ്രിഡ്: തുര്‍ക്കി ഫുട്‌ബോളിലെ അല്‍ഭുത ബാലന്‍ ആര്‍ദേ ഗുലാര്‍ ഇനി റയല്‍ മാഡ്രിഡില്‍. തുര്‍ക്കി മെസി എന്ന പേരില്‍ അറിയപ്പെടുന്ന 18 കാരനെ ആറ് വര്‍ഷത്തെ കരാറിലാണ് സാന്‍ഡിയാഗോ ബെര്‍ണബു സ്വന്തമാക്കിയത്. പ്രമുഖ തുര്‍ക്കി ക്ലബായ ഫെനര്‍ബാഷെയുടെ താരമായിരുന്നു ഗുലാര്‍.

കഴിഞ്ഞ സീസണില്‍ ക്ലബിനായി നാല് ഗോളുകളും നാല് അസിസ്റ്റുകളും കൗമാരക്കാരന്‍ നല്‍കിയിരുന്നു. തുര്‍ക്കി കപ്പ് ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് പട്ടവും സ്വന്തമാക്കി. യൂറോയില്‍ തുര്‍ക്കി ദേശീയ ടീമിനായി കളിച്ച ഗുലാര്‍ വെയില്‍സിനെതിരായ യൂറോ യോഗ്യതാ മല്‍സരത്തില്‍ തകര്‍പ്പനൊരു ഗോളും സ്വന്തമാക്കിയിരുന്നു. പതിനാറാം വയസില്‍ തന്നെ ഫെനര്‍ബാഷെയുടെ ആദ്യ ഇലവനില്‍ ഇടം കിട്ടിയ താരത്തിനായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ന്യൂകാസില്‍, ബുണ്ടസ് ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യുണിച്ച് എന്നിവരെല്ലാം രംഗത്തുണ്ടായിരുന്നു.

എന്നാല്‍ വളരെ വേഗം കരുക്കള്‍ നീക്കിയ റയല്‍ ഉദ്ദേശം 20 ദശലക്ഷം യൂറോക്കാണ് താരത്തെ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഗുലാര്‍ വരുന്നതോടെ റയല്‍ നിരയിലെ ചെറുപ്പക്കാരുടെ എണ്ണം വര്‍ധിക്കും. ജുഡ് ബെല്ലിംഗ്ഹാം, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, അര്‍ലിയാന്‍ ഷുമേനി എന്നിവരെല്ലാം നിലവിലുണ്ട്.

webdesk11: