ഇസ്തംബൂള്‍: റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ മുഖം കൈവരിച്ച തുര്‍ക്കിയില്‍ ഹിതപരിശോധനയോടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് ചുവടുറപ്പിക്കാന്‍ ഉര്‍ദുഗാന്‍ അനുമതി നല്‍കുന്ന ഹിതപരിശോധനയുടെ ഫലം പ്രതീക്ഷിച്ചതു തന്നെയായിരുന്നു. ഭരണഘടന ഭേദഗതിക്ക് പിന്തുണ നല്‍കിയ തുര്‍ക്കി ജനതയെ ഉര്‍ദുഗാന്‍ അഭിനന്ദിച്ചു. ഇസ്തംബൂളില്‍ വിജയശ്രീലാളിതരായ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ തുര്‍ക്കിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ ശത്രുതയോടെ നോക്കി കാണുന്ന പാശ്ചാത്യ ശക്തികളെ അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഭരണഘടന ഭേദഗതിക്കെതിരെ വാളെടുത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള താക്കീതുകൂടിയായിരുന്നു ഉര്‍ദുഗാന്റെ പ്രസംഗം.
‘നമ്മെ മറ്റു രാജ്യങ്ങള്‍ ആക്രമിച്ചു. പാശ്ചാത്യ ലോകം എങ്ങനെയാണ് നമ്മെ ആക്രമിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്. നാം വിഭജിക്കപ്പെട്ടിട്ടില്ല. നമ്മുടെ പാതയില്‍ നാം മുന്നേറിക്കഴിഞ്ഞു. ഇപ്പോള്‍ നാം അതിന് ഉത്തേജനം നല്‍കിയിരിക്കുന്നുവെന്ന് മാത്രം. ഈ രാജ്യത്ത് നമുക്ക് ഒരുപാട് ചെയ്യാനുണ്ട്’-ഉര്‍ദുഗാന്‍ പറഞ്ഞു. ഹിതപരിശോധനയുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തെ 51.4 ശതമാനം പേര്‍ അനുകൂലിച്ചു. ഉര്‍ദുഗാന്റെ രാഷ്ട്രീയ വിജയമായാണ് അനുയായികള്‍ ഇതിനെ ആഘോഷിക്കുന്നത്. ഫലം അനുകൂലമാണെന്ന് കണ്ടപ്പോള്‍ തന്നെ ജനം തുര്‍ക്കിയുടെ തെരുവുകളില്‍ ആഘോഷം തുടങ്ങിയിരുന്നു. വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നും 60 ശതമാനം വോട്ടുകള്‍ വീണ്ടും എണ്ണണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2019ല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് വിപുലമായ അധികാരങ്ങള്‍ നല്‍കിയാണ് തുര്‍ക്കി ഭരണഘടന ഭേദഗതി ചെയ്യാന്‍ പോകുന്നത്. പാര്‍ലമെന്റ് പിരിച്ചുവിടാനും ഭരണപരമായ ഉത്തരവുകള്‍ ഇറക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും വൈസ് പ്രസിഡന്റിനെയും മന്ത്രിമാരെയും സീനിയര്‍ ജഡ്ജിമാരെയും നിയമിക്കാനുമുള്ള അധികാരങ്ങള്‍ പ്രസിഡന്റിന് നല്‍കിക്കൊണ്ടാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. നിലവില്‍ തുര്‍ക്കി പ്രസിഡന്റിന്റെ പദവി ആലങ്കാരികവും നിഷ്‌ക്രിയവുമാണ്. ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത റബര്‍ സ്റ്റാമ്പായിരുന്ന പ്രസിഡന്റ്ിന് അധികാരങ്ങള്‍ മുഴുവന്‍ നല്‍കാനാണ് പുതിയ നീക്കത്തിലൂടെ സാധ്യമാകുക. പ്രധാനമന്ത്രിപദത്തില്‍നിന്ന് പ്രസഡിന്റ് പദത്തിലേക്ക് മാറിയ ഉര്‍ദുഗാന് ഭരണനിര്‍വഹണത്തില്‍ സ്വതന്ത്രമായി ഇടപെടാന്‍ ഇതുവഴി അവസരമൊരുങ്ങും.
- 8 years ago
chandrika
Categories:
Culture