X
    Categories: More

തുര്‍ക്കി മന്ത്രിമാരെ വിലക്കിയ ജര്‍മനിയില്‍ ഉര്‍ദുഗാന്‍ വിരുദ്ധ കുര്‍ദിഷ് റാലിക്ക് അനുമതി

ബെര്‍ലിന്‍: തുര്‍ക്കി ഭരണകൂടത്തെ പ്രകോപിപ്പിച്ച് ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫര്‍ട്ടില്‍ കുര്‍ദിഷ് റാലി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരായ റാലിയില്‍ മുപ്പതിനായിരത്തോളം കുര്‍ദുകള്‍ പങ്കെടുത്തു. ഹിതപരിശോധനയുടെ പ്രചാരണ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജര്‍മന്‍ ഭരണകൂടം കുര്‍ദുകള്‍ക്ക് റാലി നടത്താന്‍ അനുമതി നല്‍കിയതിനെ തുര്‍ക്കി ചോദ്യംചെയ്തു. ജര്‍മന്‍ നടപടിയെ തുര്‍ക്കി ഭരണകൂടം അപലപിച്ചു.
ഹിതപരിശോധനയുടെ പ്രചരാണര്‍ത്ഥം എത്തിയ തുര്‍ക്കി മന്ത്രിമാരെയും പാര്‍ലമെന്റ് അംഗങ്ങളെയും സ്വന്തം പൗരന്മാരെ കാണാന്‍ അനുവദിക്കാതെ കുര്‍ദുകള്‍ക്ക് റാലി നടത്താന്‍ സൗകര്യം ചെയ്തുകൊടുത്തത് ജര്‍നിയുടെ കാപട്യമാണ് വ്യക്തമാക്കുന്നതെന്ന് ഉര്‍ദുഗാന്റെ വക്താവ് ഇബ്രാഹിം കാലിന്‍ പറഞ്ഞു. ഏപ്രില്‍ 16ന് നടക്കുന്ന ഹിതപരിശോധനയില്‍ തുര്‍ക്കിയാണ് തീരുമാനമെടുക്കുന്നതെന്നും യൂറോപ്പ് അല്ലെന്നും യൂറോപ്യന്‍ രാജ്യങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. തുര്‍ക്കി വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും നിരോധിത ചിഹ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് കുര്‍ദുകള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ റാലിക്കെത്തിയത്. 1983 മുതല്‍ കുര്‍ദിഷ് വിമത സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പി.കെ.കെ) തുര്‍ക്കിയുമായി സായുധ പോരാട്ടത്തിലാണ്. പി.കെ.കെയുടെ വിഘടനവാദ പോരാട്ടത്തില്‍ 40,000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും പി.കെ.കെയെ ഭീകരസംഘടനയായാണ് കണാക്കാക്കുന്നത്. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ഭീകരരെയാണ് പിന്തുണക്കുന്നതെന്ന് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തിയിരുന്നു. ജര്‍മനിയില്‍ തുര്‍ക്കിയുടെ മന്ത്രിമാര്‍ക്ക് പ്രസംഗം നടത്താന്‍ അനുമതി നല്‍കാത്തതിനെ നാസി നടപടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രശ്‌നം ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.

chandrika: