ഇസ്താംബൂള്‍: തുര്‍ക്കിയില്‍ നിലവിലെ പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലേറി. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ 52.5 ശതമാനം വോട്ട് നേടിയാണ് ഉര്‍ദുഗാന്‍ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. 2019 നവംബറില്‍ നടക്കേണ്ടിയിരുന്ന പൊതു തെരഞ്ഞെടുപ്പ് ഉര്‍ദുഗാന്‍ നേരത്തെയാക്കുകയായിരുന്നു. റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുഹറം ഇന്‍ജയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ഇദ്ദേഹം 31 ശതമാനം വോട്ട് നേടി. 42 ശതമാനം വോട്ട് നേടിയ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയാണ് ഒന്നാംസ്ഥാനത്ത്.
11 വര്‍ഷം പ്രധാനമന്ത്രിയായിരുന്നു ഉര്‍ദുഗാന്‍ 2014 ലാണ് ആദ്യം പ്രസിഡണ്ടായത്. 2016 ല്‍ നടന്ന അട്ടിമറി ശ്രമത്തെ ജനപിന്തുണയോടെ ഉര്‍ദുഗാന്‍ അതിജീവിക്കുകയായിരുന്നു. രാജ്യത്തെ ശത്രുക്കളില്‍ നിന്ന് രക്ഷിച്ചതായി വിജയത്തിന് ശേഷം ഉര്‍ദുഗാന്‍ പ്രതികരിച്ചു. പരാജയം അംഗീകരിക്കുന്നുവെന്നും തുര്‍ക്കിയില്‍ ജനാധിപത്യ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.