X
    Categories: Moreworld

നിമിഷനേരം കൊണ്ട് നിലംപതിച്ച് കെട്ടിടങ്ങള്‍; തുര്‍ക്കിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

തുര്‍ക്കിയില്‍ 500ലധികം പേരുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങളും സൃഷ്ടിച്ച ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വലിയ കെട്ടിടങ്ങള്‍ നിമിഷനേരം കൊണ്ട് നിലംപതിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ആയിരത്തി എഴുന്നൂറിലേറെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ നിലം പൊത്തി. ഇവയില്‍ പലതിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. പ്രാദേശിക സമയം പുലര്‍ച്ചെ 4.17 നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുന്നതിനിടെ, ഭൂകമ്പം ഉണ്ടായതാണ് മരണസംഖ്യ വര്‍ധിക്കാന്‍ ഇടയാക്കിയത്.

തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപം പസാര്‍സിക്കിലാണ് ആദ്യ ഭൂചലനം ഉണ്ടായത്. തുടര്‍ന്ന് 80 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറുള്ള നുര്‍ദാഗി നഗരത്തിലാണ് രണ്ടാം തുടര്‍ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വീസ് അറിയിച്ചു.അയല്‍രാജ്യങ്ങളായ ലെബനന്‍, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

 

webdesk14: