ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും തുര്‍ക്കി വിച്ഛേദിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സഊദി അറേബ്യ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുപിന്നാലെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഉര്‍ദുഗാന്‍ ഇക്കര്യം വ്യക്തമാക്കിയത്.
തന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ഓഫ് തുര്‍ക്കി ഭരണകൂടം ഇസ്രാഈലുമായി ബന്ധം തുടരുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഗസ്സയില്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചത്.
‘ഞങ്ങളുടെ ഭരണസഖ്യം ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഭാവിയിലും ഞങ്ങള്‍ ഈ നിലപാട് നിലനിര്‍ത്തും. റിപ്പബ്ലിക് ഓഫ് തുര്‍ക്കി എന്ന നിലയിലും അതിന്റെ സര്‍ക്കാറെന്ന നിലയിലും ഞങ്ങള്‍ നിലവില്‍ ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്‍ തുര്‍ക്കി ആവുന്നതെല്ലാം ചെയ്യുമെന്നും’ ഉര്‍ദുഗാന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗസ്സയില്‍ അധിനിവേശവും വംശഹത്യയും ആരംഭിച്ചതുമുതല്‍ ഇസ്രാഈലിനു നേരെ ശക്തമായ നിലപാട് സ്വീകരിചുവരുന്ന രാജ്യമാണ് തുര്‍ക്കി.
കഴിഞ്ഞ വര്‍ഷം തങ്ങളുടെ അംബാസഡറെ ഔപചാരികമായി തിരിച്ചുവിളിച്ചിരുന്നെങ്കിലും ടെല്‍ അവീവിലെ തുര്‍ക്കി നയതന്ത്ര ദൗത്യം അവസാനിപ്പിച്ചിരുന്നില്ല. പ്രാദേശിക സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി ഇസ്രായേല്‍ കഴിഞ്ഞ വര്‍ഷം അങ്കാറയിലെ തങ്ങളുടെ എംബസി ഒഴിപ്പിച്ചിരുന്നു.
ഈ വര്‍ഷം ആദ്യം ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രാഈലിനെതിരായി ഫയല്‍ ചെയ്ത വംശഹത്യ കേസില്‍ തുര്‍ക്കി ഇടപെട്ടിരുന്നു. ഇസ്രാഈലിലേക്കുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ട് നവംബര്‍ ആദ്യം ഐക്യരാഷ്ട്രസഭയില്‍ തുര്‍ക്കി ആരംഭിച്ച ആയുധ ഉപരോധത്തിന് 52 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സംഘടനകളും പിന്തുണ അറിയിച്ചതായി ഉര്‍ദുഗാന്‍ പറഞ്ഞു.