X

തുര്‍ക്കിയുടെ കാവല്‍ഭടന്മാരെ അഭിനന്ദിച്ച് ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: തുര്‍ക്കിയിലെ പരാജയപ്പെട്ട പട്ടാള അട്ടിമറിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇസ്തംബൂളില്‍ പടുകൂറ്റന്‍ റാലി. ജനലക്ഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ുദുഗാന്‍ അട്ടിമറിക്കാരെ തുരത്തിയ സാധാരണക്കാരെ അഭിനന്ദിച്ചു. ഉര്‍ദുഗാന്റെ ഓരോ വാക്കുകള്‍ വികാരനിര്‍ഭരമായിരുന്നു. ആ രാത്രി അട്ടിമറിക്കാരെ പരാജയപ്പെടുത്തിയ ജനങ്ങളുടെ കൈയില്‍ തോക്കുകളുണ്ടായിരുന്നില്ല. പതാക മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അതിനെല്ലാം പുറമെ, അവരുടെ വിശ്വാസവും കൈമുതലായുണ്ടായിരുന്നുവെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ഗൂഢാലോചന നടത്തിയ രാജ്യദ്രോഹികളുടെ തല തകര്‍ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കയുടെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലേതുപോലുള്ള യൂണിഫോമിലാണ് അവരെ കോടതിയില്‍ ഹാജരാക്കുക. ആ രാത്രി തുര്‍ക്കി ഏതുതരത്തിലുള്ള രാജ്യമാണെന്ന് ലോകം കണ്ടുവെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. ബോസ്ഫറസ് നദിക്കു കുറുകെയുള്ള പാലത്തില്‍ സ്ഥാപിച്ച രക്തസാക്ഷി സ്മാരകം അദ്ദേഹം അനാച്ഛാദനം ചെയ്തു. ദീര്‍ഘവും ഇരുള്‍മുറ്റിയതുമായ രാത്രിയായിരുന്നു 2016 ജൂലൈ 15ലേതെന്ന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം പറഞ്ഞു. 250 പേര്‍ കൊല്ലപ്പെടുകയും 2196 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അട്ടിമറിയുമായി ബന്ധപ്പെട്ട് അരലക്ഷത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ഒന്നര ലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

chandrika: