ചാര്‍ ഥാം റൂട്ടിലെ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ അകപ്പെട്ട 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം വ്യാഴാഴ്ചയോടെ അഞ്ചാം ദിവസത്തിലേക്ക് കടന്നു. പൈപ്പുകള്‍ വഴി ഓക്‌സിജന്‍, വൈദ്യുതി, മരുന്നുകള്‍ ആഹാരം, വെള്ളം തുടങ്ങി സുരക്ഷിതമായി തുടരാന്‍ ആവശ്യമായതെല്ലാം ഇവര്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ട്.
നവംബര്‍ 12 നാണ് ഇവര്‍ തുരങ്കത്തിനുള്ളില്‍ അകപ്പെട്ടത്. ”നവംബര്‍ 12 മുതല്‍ തന്നെ എത്രയും വേഗം 40 പേരെയും പുറത്തെത്തിക്കാനുള്ള നടപടികള്‍ നടത്തി വരുന്നുണ്ട്, രക്ഷാ പ്രവര്‍ത്തനത്തിന് രണ്ട് മൂന്ന് ദിവസങ്ങള്‍ കൂടി വേണ്ടി വന്നേക്കാം” കേന്ദ്ര മന്ത്രി വി.കെ സിംഗ് പറഞ്ഞു.
”വളരെ വേഗം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി എല്ലാവരെയും പുറത്തെത്തിക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷെ അവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിബന്ധങ്ങളെക്കൂടി മുന്നില്‍ കണ്ട് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളോട് ഞാന്‍ സംസാരിച്ചു. അവര്‍ ധൈര്യത്തോടെയാണ് ഇരിക്കുന്നത്. അവര്‍ സുരക്ഷിതരായി തന്നെ തുടരുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തനം നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗതാഗത മന്ത്രി വി.കെ സിംഗ്. സ്ഥലത്തിന്റെ ഭൂമിശാസ്ത്ര വിവരങ്ങള്‍ അനുസരിച്ച് നാല് നാലര വര്‍ഷത്തോളം ഇവിടം സ്ഥിരതയുള്ള പ്രദേശം തന്നെ ആയിരുന്നു. പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒരു അപകടം സംഭവിച്ചു. ഇവിടുത്തെ മലനിരകള്‍ കാലപ്പഴക്കം കുറഞ്ഞതും ദുര്‍ബലവുമാണെന്നും അദ്ദേഹം പറഞ്ഞു.
അപകടവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍
– സംസ്ഥാനത്തെ മുഴുവന്‍ തുരങ്കങ്ങളിലും ഉടന്‍ തന്നെ പരിശോധന ഉണ്ടാകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.12000 കോടിയുടെ ചാര്‍ ഥാം പ്രൊജക്ടിന്റെ ഭാഗമായി ഇനിയും തുരങ്കങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഇപ്പോള്‍ മണ്ണിടിച്ചില്‍ മുഖേന അപകടം സംഭവിച്ച സ്ഥലം പ്രോജക്ടിന്റെ ഒരു പ്രധാന ഭാഗമായിരുന്നു.
-പുറത്ത് എത്തിച്ചാല്‍ ഉടന്‍ തന്നെ ആവശ്യമായ മെഡിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ഇവര്‍ക്ക് നല്‍കണം. ചിലപ്പോള്‍ ചിലര്‍ക്ക് പാനിക് അറ്റാക്ക് ഉള്‍പ്പെടെ ഉണ്ടാകാന്‍ ഉള്ള സാധ്യതയുണ്ട്, ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടര്‍ അജയ് അഗര്‍വാള്‍ പറഞ്ഞു.
-ഐഎഎഫിന്റെ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് വരുന്നു.
– തുരങ്കത്തില്‍ നിന്നും പുറത്തേക്ക് ഒരു വഴി സൃഷ്ടിക്കാന്‍ ഉപയോഗിച്ച് വന്ന മെഷീന്‍ കേടായതിനെ തുടര്‍ന്ന് ഐഎഎഫിന്റെ സഹായത്തോടെ ഒരു അമേരിക്കന്‍ ഓഗര്‍ മെഷീന്‍ എത്തിച്ചു.
-ആദ്യത്തെ ഡ്രില്ലിംഗ് മെഷീന്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുകയും അവശിഷ്ടങ്ങള്‍ തുരങ്കത്തിലേക്ക് വീണ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
-10 ഓളം ആംബുലന്‍സുകളും ഡോക്ടര്‍മാരും ഉടന്‍ ചികിത്സ നല്‍കുന്നതിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്.
-ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ശ്രീ തനേദര്‍ വിഷയത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.