X

ലോകകപ്പ് യോഗ്യത; ടൂണീഷ്യയില്‍ ആഹ്ലാദം അവസാനിക്കുന്നില്ല

കെയ്‌റോ: ടൂണീഷ്യയില്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല… അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ റൗണ്ടിന് ടീം യോഗ്യത നേടിയത് രണ്ട് ദിവസം മുമ്പാണ്. പക്ഷേ തലസ്ഥാന നഗരിയായ ടുണിസിലും പ്രാന്തങ്ങളിലും ഇപ്പോഴും ഫുട്‌ബോള്‍ പ്രേമികള്‍ ആഘോഷത്തിരക്കിലാണ്. ലോക ഫുട്‌ബോളിന് സുപരിചിതരായ ടൂണിഷ്യ അവസാനമായി ഫൈനല്‍ റൗണ്ട് കളിച്ചത് 2006 ലാണ്. അതിന് ശേഷം ആഫ്രിക്കന്‍ യോഗ്യതാ കടമ്പ കടക്കുന്നതില്‍ പരാജയപ്പെട്ട ടീം കഴിഞ്ഞ ദിവസം നടന്ന അവസാന യോഗ്യതാ മല്‍സരത്തില്‍ ലിബിയയെ സമനിലയില്‍ തളച്ചാണ് ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്.

പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനാണ് അന്ത്യമായിരിക്കുന്നതെന്നും റഷ്യയില്‍ ആഫ്രിക്കന്‍ കരുത്ത് തെളിയിക്കാന്‍ തന്റെ ടീമിന് കഴിയുമെന്നും ടെലിവിഷന്‍ ചര്‍ച്ചയില്‍ ടീമിന്റെ മധ്യനിരക്കാരന്‍ വാബി കാസ്‌രി പറഞ്ഞു. 1978 ല്‍ അര്‍ജന്റീനയിലെ ലോകകപ്പിലൂടെയാണ് ടൂണീഷ്യ ആദ്യമായി വലിയ വേദിയില്‍ അരങ്ങേറിയത്. 1998 ലെ ഫ്രാന്‍സ് ലോകകപ്പിലായിരുന്നു അടുത്ത വരവ്. 2002 ല്‍ ഏഷ്യ ആദ്യമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോഴും ആഫ്രിക്കന്‍ ശക്തരായി ടുണീഷ്യ കളിച്ചു. അവസാനമായി അവര്‍ ഫൈനല്‍ വേദിയില്‍ പന്ത് തട്ടിയത് 2006 ല്‍ ജര്‍മനിയിലായിരുന്നു.

ഇന്നലെ ടുണിസില്‍ നടന്ന ആഹ്ലാദ പ്രകടനത്തില്‍ അര ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ആടിയും പാടിയുമെല്ലാമവര്‍ വിജയവും ചരിത്രവും ആഘോഷമാക്കി. ടൂണിഷ്യന്‍ ജനതയുെട ഏറ്റവും പ്രിയപ്പെട്ട ഗെയിമാണ് ഫുട്‌ബോള്‍. പക്ഷേ പന്ത്രണ്ട് വര്‍ഷമായി ലോകകപ്പ് പോലെ വലിയ മാമാങ്കം നടക്കുമ്പോള്‍ കാഴ്ച്ചക്കാരുടെ വേഷത്തിലാണ് ഞങ്ങള്‍. ആ വേദനയാണ് ഇപ്പോള്‍ നികത്തിയിരിക്കുന്നതെന്ന് കാസ്‌രി പറഞ്ഞു. നല്ല ഫുട്‌ബോളാണ് യോഗ്യതാ മല്‍സരത്തിലുടനീളം ഞങ്ങള്‍ കാഴ്ച്ചവെച്ചത്. അതിനാല്‍ തന്നെ ആത്മവിശ്വാസമുണ്ടായിരുന്നു. ലിബിയ ശക്തരായ എതിരാളികളായിരുന്നു. പലപ്പോഴും സമ്മര്‍ദ്ദമെന്ന തലവേദനയില്‍ ഞങ്ങള്‍ പ്രയാസപ്പെട്ടു. പക്ഷേ ഒടുവില്‍ ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ടൂണീഷ്യയും യോഗ്യത നേടിയതോടെ ആഫ്രിക്കയെ പ്രതിനിധീകരിച്ച് ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കുന്നവരുടെ ചിത്രം പൂര്‍ണമായി. നൈജീരിയ, ഈജിപ്ത്, സെനഗല്‍, മൊറോക്കോ എന്നിവര്‍ക്കൊപ്പമാണ് ടൂണീഷ്യയും ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

chandrika: