മലപ്പുറം: ആറ്റപ്പൂവില്ലാത്ത ആദ്യ ചൊവ്വാഴ്ചയില്‍ മനംനൊന്ത് പാണക്കാട്. മരണ വാര്‍ത്തയറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ പാണക്കാട്ടെത്തിയവര്‍ ദാറുന്നഈമിലെ ആ ഒഴിഞ്ഞ കസേര നോക്കി കണ്ണീരൊഴുക്കി. ആശ്വാസം തേടിയെത്തുന്നവര്‍ക്ക് പാണക്കാട് കുടുംബം മാറ്റിവെച്ച ദിനമാണ് ചൊവ്വാഴ്ച.
ആ ദിവസം മുഴുവന്‍ ഹൈദരലി തങ്ങള്‍ പൂമഖത്തെ വട്ടമേശയില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിച്ചിരുന്നു. എന്നാല്‍ ഇന്നലെ ആ വട്ടമേശക്കു ചുറ്റും ആരെയും കണ്ടില്ല. പ്രിയ തങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനയാണ് പാണക്കാട് കേട്ടത്. മരണവാര്‍ത്തയറിഞ്ഞത് മുതല്‍ ആരംഭിച്ച പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും ഇന്നലെയും പാണക്കാട്ടെ വീട്ടിലും ജുമാമസ്ജിദിലുമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
വേദന അനുഭവിക്കുന്നവന്റെ പ്രതീക്ഷകള്‍ക്കു മുന്നില്‍ ഒരിക്കലും വാതിലടച്ചിടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. പാതിരാത്രിയിലും അടക്കാത്ത ആ ഗെയ്റ്റിന്റെ പടികടന്ന് അവസാനത്തെ ആളും പോയാലേ ദാറുന്നഈമില്‍ രാത്രി ആരംഭിക്കാറുള്ളൂ. ജീവകാരുണ്യ കോടതിയില്‍ നിന്ന് തങ്ങള്‍ പോകുമ്പോള്‍ ചരിത്രമാകുന്നത് നാലര പതിറ്റാണ്ടിന്റെ സുകൃതങ്ങളാണ്.