X

ടി.ടി.വി ദിനകരന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു; പേര് “അമ്മ മക്കള്‍ മുന്നേറ്റ കഴകം”

മധുര: പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ആര്‍കെ നഗര്‍ എംഎല്‍എയും ശശികലയുടെ അനന്തരവനുമായ ടി.ടി.വി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മധുരയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പുതിയ പാര്‍ട്ടിയുടെ പേര് ദിനകരന്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടി പ്രഖ്യാപന സമ്മേളന നഗരിയിലേക്ക് രാവിലെ മുതല്‍ പ്രവര്‍ത്തകരും അനുഭാവികളും ഒഴുകിയെത്തുകയായിരുന്നു.
ദിനകരന്‍ ആണ് പാര്‍ട്ടി പ്രഖ്യാപനവും പേരും പ്രവര്‍ത്തകരെ അറിയിച്ചത്.

രണ്ടില ചിഹ്നത്തിനായി പോരാട്ടം നടത്തുമെന്ന് ദിനകരന്‍ വ്യക്തമാക്കി. അത് വരെ പ്രഷര്‍ കുക്കറായിരിക്കും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചിഹ്നമെന്ന് ദിനകരന്‍ പറഞ്ഞു. ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത പാര്‍ട്ടിയുടെ കൊടിയും ചടങ്ങില്‍ പുറത്തിറക്കിയിട്ടുണ്ട്.
ജയലളിതയുടെ മരണ ശേഷം അവരുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ദിനകരന്‍ ഔദ്യോഗിക പക്ഷത്തിനെതിരെ സ്വതന്ത്രനായി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. കുക്കര്‍ ചിഹ്നത്തിലായിരുന്നു ദിനകരന്‍ മത്സരിച്ചിരുന്നത്. മുഖ്യമന്ത്രി പളനി സാമി- ഒ. പനീര്‍ശെല്‍വം എന്നിവര്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവും ദിനകരനും രണ്ടില ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍, ഔദ്യോഗിക പക്ഷത്തിന് ചിഹ്നം അനുവദിച്ചു നല്‍കിയതു ശശികല പക്ഷത്തിന് കനത്ത തിരിച്ചടിയായി. ഇതിനു പിന്നാലെയാണ് പുതിയ പാര്‍ട്ടി പാര്‍ട്ടി പ്രഖ്യാപനവുമായി ദിനകരന്‍ രംഗത്തെത്തിയത്.
സമ്മേളനത്തില്‍ ദിനകരന് പിന്തുണ അര്‍പ്പിച്ച് എ.ഐ.എഡി.എം.കെയിലെ ഒട്ടേറെ വിമതര്‍ രംഗത്തെത്തി. മുന്‍ മന്ത്രിമാരായ വി. സെന്തില്‍ ബാലാജി, പി പളനിയപ്പന്‍, മുതിര്‍ന്ന നേതാവ് എസ് അന്‍പഴകന്‍, അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരും സമ്മേളനത്തില്‍ പങ്കെടുത്തു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപനം. എംജിആര്‍, ജയലളിത, ശശികല, ദിനകരന്‍ എന്നിവരുടെ വന്‍ കട്ടൗട്ടുകളും പോസ്റ്ററുകളും മധുരയിലുടെ നീളം ഉയര്‍ന്നിരുന്നു.

chandrika: