മുംബൈ: പൂനെയിലും മുംബൈയിലുമായി ശനിയാഴ്ച്ച ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് അവസാന ഒരുക്കത്തില്‍ ടീമുകള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ വാംഖഡെയില്‍ ആരംഭിക്കുന്ന ആദ്യ മല്‍സരത്തോടെ ആരംഭിക്കുന്ന ആവേശം രണ്ട് മാസത്തോളം ദീര്‍ഘിക്കും. എല്ലാ ടീമുകളും പരിശീലനത്തില്‍ സജീവമാണ്. ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്തയെ നേരിടുന്ന ചെന്നൈ സംഘത്തില്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി കളിക്കുന്ന കാര്യം സംശയത്തിലായി. അദ്ദേഹത്തിന് ഇന്ത്യന്‍ വിസ ഇത് വരെ ലഭിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിന് മുഖ്യ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ സേവനം തുടക്കത്തില്‍ ഉണ്ടാവില്ല. ഇത്തവണ വലിയ മാറ്റങ്ങളുമായാണ് ഐ.പി.എല്‍ വരുന്നത്. ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്തായി. രണ്ട് ഗ്രൂപ്പുകളിലായാണ് മല്‍സരങ്ങള്‍. നാല് വേദികളില്‍ കാണികളുടെ പങ്കാളിതത്തോടെയായിരിക്കും പോരാട്ടങ്ങള്‍. പല ടീമുകളിലും കാര്യമായ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഇത് വരെ മുംബൈ സംഘത്തില്‍ കളിച്ച ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് നായകനാവുമ്പോള്‍ ഹൈദരാബാദ് സംഘത്തില്‍ കളിച്ച കെ.എല്‍ രാഹുല്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് സംഘത്തിന്റെ അമരക്കാരനാണ്. ചെന്നൈ നിരയില്‍ മഹേന്ദ്രസിംഗ് ധോണിക്കൊപ്പമുണ്ടായിരുന്ന ഫാഫ് ഡുപ്ലസിയാണ് ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ നായകന്‍. രവിശാസ്ത്രി കമന്ററി സംഘത്തിലേക്ക് ഇടവേളക്ക് ശേഷം തിരികെ വരുന്നതും പ്രത്യേകത.