പൊതുമരാമത്ത്, ടൂറിസം മന്ത്രി
കോവിഡ് മഹാമാരി സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് എല്ലാ മേഖലയിലും ലോകം ഉണര്‍ന്നുവരുമ്പോള്‍ പൂര്‍വാധികം ശക്തിയോടെ കേരളവും അതിനൊപ്പം സഞ്ചരിക്കുകയാണ്. രണ്ടര-മൂന്നു വര്‍ഷം മുമ്പ് എന്തായിരുന്നോ കേരളം, അതിനുമപ്പുറത്തേക്ക് സമസ്തമേഖലകളും കുതിച്ചുയരുന്ന കാഴ്ചക്കാണ് സാക്ഷ്യം വഹിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന തലമുറ വരെ ആ ആഘോഷങ്ങള്‍ക്കൊ പ്പം സഞ്ചരിക്കുകയാണ്. എല്ലാ മേഖലയിലെയും ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയും ഒറ്റക്കെട്ടായി പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറുകയും ചെയ്യുന്നതുതന്നെയാണ് കേരളത്തിന്റെ ശക്തി. നമ്മുടെ നാട് ലോകത്തിനു മുന്നിലേക്കു സമര്‍പ്പിക്കുന്ന ഓരോ കാഴ്ചയും ഓരോ അനുഭവവും ആതിഥ്യമര്യാദയുടെ ആഘോഷം കൂടിയായി മാറുന്നത് ഈ ഒരുമയിലൂടെയാണ്.
രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകുന്ന ഒട്ടേറെ പരിപാടികള്‍ ഇന്ന് കേരളത്തിലുണ്ട്. കായലോരങ്ങളുടെയും ഹില്‍സ്‌റ്റേഷനുകളുടെയും ബീച്ചുകളുടെയും പരമ്പരാഗത കലാരൂപങ്ങളുടെയും അന്തരീക്ഷമൊരുക്കുന്ന വിനോദസഞ്ചാര സാധ്യതകളില്‍നിന്ന് കലയുടെയും സംസ്‌കാരത്തിന്റെയും പുതിയൊരുതലത്തിലേക്ക് കേരളം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കേരളത്തിന്റെ സ്വന്തമായ ചലച്ചിത്രോത്സവവും നാടകോത്സവവും ലിറ്റററി ഫെസ്റ്റിവലുകളുമെല്ലാം ഇന്ന് വിദേശികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇത്തരം പരിപാടികളിലേക്കെത്തുന്നവര്‍ക്ക് കേരളം നല്‍കുന്ന വരവേല്‍പ് അവരെ അത്ഭുതപ്പെടുത്തുന്നുമുണ്ട്. കേരളത്തിലെ കലാ വിനോദ സഞ്ചാരത്തെ വള്ളംകളിയും കഥകളിയും തെയ്യവുമൊക്കെ മാത്രമായി ഒതുക്കാതെ അതിനെ കൂടുതല്‍ വിശാലമാക്കാനാണ് കേരള ടൂറിസം ശ്രമിക്കുന്നത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊച്ചി മുസിരിസ് ബിനാലെ.
കോവിഡ് മൂലം കഴിഞ്ഞ തവണ ബിനാലെ മുടങ്ങിയെങ്കിലും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികയാണ് ഇത്തവണ. കൊച്ചി മുസിരിസ് ബിനാലെ എന്ന സങ്കല്‍പം 2011ലെ സര്‍ക്കാറിന്റെ കാലത്ത് കേരളം മുന്നോട്ടുവെച്ചത് കലാരംഗത്തുള്ളവര്‍ക്കുള്ള പ്രോത്സാഹനത്തിനും കേരളത്തെ സമകാല കലയുമായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിനുമപ്പുറം വിശാലമായ ടൂറിസം സാധ്യതകള്‍ കൂടി ലക്ഷ്യം വെച്ചായിരുന്നു. ഹെറിറ്റേജ് ടൂറിസത്തിന് ഏറെ സാധ്യതകളുള്ള മുസിരിസ് പദ്ധതി പ്രദേശവും ഫോര്‍ട്ട് കൊച്ചിയും ബിനാലെയുടെ കേന്ദ്രസ്ഥാനമായി തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനവും അതുതന്നെയായിരുന്നു. ബിനാലെ അതിന്റെ അഞ്ചാമത്തെ പതിപ്പിലെത്തുമ്പോള്‍ അക്കാര്യത്തില്‍ നാം ഏറെ മുന്നേറിയിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയാനാകും.
കൊച്ചി മുസിരിസ് ബിനാലെ കലാലോകത്ത് സൃഷ്ടിക്കുന്ന ചലനങ്ങള്‍ സമാനതകളില്ലാത്തതാണ്. ഇന്ത്യയില്‍ ഇത്തരമൊരു കലാപ്രദര്‍ശനം വേറെ ഒരിടത്തും നടക്കുന്നില്ല. അതുകൊണ്ടുതന്നെ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഡിസംബര്‍ 12ന് ആരംഭിക്കുന്ന ബിനാലെയിലേക്കു മാത്രമായി മൂന്നുമാസം കൊണ്ട് എത്തിച്ചേരുന്ന വിദേശ ആഭ്യന്തര സഞ്ചാരികള്‍ പത്തു ലക്ഷത്തോളമാണ്. ഫോര്‍ട്ട് കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും ടൂറിസം മേഖല ഇതിനു കൃത്യമായ സാക്ഷ്യം പറയും. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്‌റ്റേകള്‍ ഉള്‍പ്പെടെയുള്ള താമസസ്ഥലങ്ങള്‍ മിക്കവാറും ദിവസങ്ങളില്‍ പൂര്‍ണമായും ബുക് ചെയ്യപ്പെടുന്നുവെന്നത് ഈ മേഖലയിലുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്. ഇവിടുത്തെ ഓട്ടോറിക്ഷാതൊഴിലാളികളും തട്ടുകടക്കാരും മുതല്‍ അങ്ങേയറ്റത്ത് വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ഹോട്ടലുകള്‍ക്കുവരെ ഒരുപോലെ ഈ പരിപാടി നേട്ടമുണ്ടാക്കുന്നുണ്ട്.
ബിനാലെയിലെ കലാപ്രദര്‍ശനം തന്നെ ഒന്നിലേറെ ദിവസങ്ങള്‍ കൊണ്ടു മാത്രമേ കണ്ടുതീര്‍ക്കാനാകൂ. അതു കണക്കുകൂട്ടിയെത്തുന്നവര്‍ കേരളത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളെക്കൂടി ബന്ധപ്പെടുത്തിയാണ് തങ്ങളുടെ യാത്രകള്‍ക്ക് പദ്ധതി തയ്യാറാക്കുന്നത്.
കൊച്ചി കേന്ദ്രമാക്കി വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബിനാലെക്കായി കാത്തിരിക്കുന്നതും അതിനാലാണ്. മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും പോലുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലെ പതിവു വിനോദസഞ്ചാര ആകര്‍ഷണങ്ങളിലേക്ക് ഈ സമയത്ത് കൂടുതലായി ആളുകളെത്തുന്നു. ഫോര്‍ട്ട് കൊച്ചി തീരത്തെ ചീനവല മുതല്‍ സെന്റ് ഫ്രാന്‍സിസ് പള്ളിയും മട്ടാഞ്ചേരിയിലെ സിനഗോഗും കൊട്ടാരവുമൊക്കെ എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളാണ്. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിക്കു പുറത്തുള്ളവരും ഈ ചരിത്രസ്മാരകങ്ങളെപ്പറ്റി പഠിക്കാനും അവ കാണാനും വന്നുതുടങ്ങിയതിനു പിന്നില്‍ ബിനാലെക്ക് വലിയ പങ്കുണ്ട്. ഓരോ ബിനാലെക്കു വരുമ്പോഴും ഇപ്പറഞ്ഞ സ്ഥലങ്ങള്‍ ആവര്‍ത്തനവിരസത കൂടാതെ അവര്‍ വീണ്ടും വീണ്ടും കണ്ടുപോകുന്നു. കോവിഡിനു മുമ്പ് മട്ടാഞ്ചേരി മ്യൂസിയം കാണാന്‍ പ്രതിവര്‍ഷം 24 ലക്ഷത്തോളം പേര്‍ എത്തിയിരുന്നുവെന്നാണ് കണക്ക്. മഹാമാരി അതിലുണ്ടാക്കിയ ഇടിവു നികത്താന്‍ ഈ ബിനാലെക്കാലത്തിനു സാധിക്കുമെന്നതില്‍ സംശയമൊന്നുമില്ല. ഫോര്‍ട്ട് കൊച്ചി തീരത്തുനിന്ന് വാങ്ങി അവിടെത്തന്നെ പാകം ചെയ്തു കഴിക്കുന്ന മത്സ്യ വിഭവങ്ങള്‍ മുതല്‍ മട്ടാഞ്ചേരിയിലെ കായിക്കായുടെ ബിരിയാണി വരെ ഇന്ന് ആഭ്യന്തര സഞ്ചാരികള്‍ക്കു മാത്രമല്ല വിദേശ വിനോദസഞ്ചാരികള്‍ക്കും സുപരിചിതമായിട്ടുണ്ടെങ്കില്‍ അതില്‍ ബിനാലെയുടെ പങ്ക് ഒട്ടും ചെറുതല്ല.
പതിവു കാഴ്ചകളില്‍ നിന്നു വ്യത്യസ്തമായി, സഞ്ചരിക്കുന്ന ഓരോയിടത്തും അതിഥികള്‍ക്ക് കാഴ്ചയുടെ പുതിയ അനുഭവങ്ങളൊരുക്കുകയാണ് കേരള ടൂറിസത്തിന്റെ ലക്ഷ്യം. കണ്ടാല്‍ മനസിലാകില്ലെന്നും സാധാരണക്കാര്‍ക്ക് ദഹിക്കില്ലെന്നുമൊക്കെ കരുതിയിരുന്ന സമകാല കലകളെ ജനകീയമാക്കുന്നതില്‍ കേരള ടൂറിസം അതിന്റേതായ പങ്ക് വഹിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ‘ആര്‍ട്ടീരിയ’ എന്ന പേരില്‍ പകലും രാത്രിയിലും വര്‍ഷത്തില്‍ എല്ലാ ദിവസവും സഞ്ചാരികള്‍ക്ക് കാണാനാകുന്ന ചുവര്‍ ചിത്രങ്ങളുടെ ഓപ്പണ്‍ ചിത്രകലാ ഗ്യാലറി ഒരുക്കിയത് കേരള ടൂറിസമാണ്. തിരുവനന്തപുരത്തിനുമപ്പുറത്തേക്ക് ചുവരുകളില്‍ കലയുടെ പുതിയ ലോകം തീര്‍ക്കാന്‍ ‘ആര്‍ട്ടീരിയ’ കാരണമായിട്ടുണ്ട്. കണ്ണൂരിലെയും കോഴിക്കോട്ടെയുമെല്ലാം ചുവരുകള്‍ പല മേഖലകളിലുള്ള ചിത്രകാരന്മാരാലും ചിത്രകാരികളാലും വര്‍ണാഭമാക്കപ്പെടുന്നത് ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇക്കാര്യത്തില്‍ കേരളം പുലര്‍ത്തുന്ന അവധാനത എന്തെന്നു ബോധ്യപ്പെടുത്തുന്ന വിഭവം കൂടിയാണ്. കേരളത്തിന്റെ വടക്കേ അറ്റത്ത്, കാസര്‍കോട്, ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ലളിതകലാ അക്കാദമിയുമായി ചേര്‍ന്ന് ഇപ്പോള്‍ മറ്റൊരു ചിത്രച്ചുവര്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമുള്ള അനവധി കലാകാരന്മാരുടെയും കലാകാരികളുടെയും കയ്യൊപ്പുപതിഞ്ഞ ആ ചുവരുകളൊക്കെ ഇന്ന് കേരള ടൂറിസം അഭിമാനത്തോടെ ലോകത്തിനുമുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചയുടെ അനുഭവങ്ങളാണ്.
ചില സീസണുകളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം, അത്തരം സമയത്തല്ലാതെയും ഇവിടെയെത്തുന്നവര്‍ക്ക് തനതുകലകള്‍ക്കും അനുഷ്ഠാന കലകള്‍ക്കും അപ്പുറം കേരളം വ്യത്യസ്തമായ കലകളെ നെഞ്ചോടു ചേര്‍ക്കുന്ന ഒരിടമാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞു. കലകള്‍ക്കും മറ്റ് കാഴ്ചകള്‍ക്കുമൊപ്പം നമ്മുടെ തെരുവുകളെയും മറ്റും വൃത്തിയായി സൂക്ഷിക്കുന്നതിനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. നയനമനോഹരമായ ഒരു കാഴ്ച കണ്ട് അപ്പുറത്തേക്ക് മാറുമ്പോള്‍ വൃത്തിഹീനതയുടെ മനംമടുപ്പിക്കുന്ന മറ്റൊരു കാഴ്ചയിലേക്ക് സഞ്ചാരികള്‍ പതിക്കാന്‍ പാടില്ല. ചുവരുകള്‍ ചിത്രംവരച്ച് മനോഹരമാക്കുമ്പോള്‍ അത്തരം പ്രശ്‌നങ്ങള്‍കൂടി ഇല്ലാതാകുന്നുണ്ട്.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ 65.70 ശതമാനവും ആഭ്യന്തരസഞ്ചാരികളാണ്. ബാക്കിയാണ് വിദേശികള്‍. ആഭ്യന്തരസഞ്ചാരികളുടെ വരവില്‍ കേരളം സര്‍വകാല റെക്കോര്‍ഡിലെത്തുകയാണ്. കോവിഡിനെ തുടര്‍ന്ന് വിദേശവിനോദ സഞ്ചാരികളുടെ വരവിലുണ്ടായ കുറവ് നികത്താന്‍ ബിനാലെ ഉള്‍പ്പെടെയുള്ള പരിപാടികളിലൂടെ കേരളത്തിനു സാധിക്കും. അതിനുള്ള നടപടികള്‍ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. സഞ്ചാരികള്‍ ഇവിടെ ചെലവഴിക്കുന്ന സമയം അവര്‍ക്ക് നല്ല അനുഭവം കൂടിയായി മാറിയാല്‍ കൂടുതല്‍ ആളുകള്‍ കൂടുതല്‍ തവണ കേരളത്തിലേക്കെത്താനും അങ്ങനെ ടൂറിസത്തിലൂടെ വിവിധ മേഖലകളില്‍ ചെലവഴിക്കപ്പെടുന്ന പണത്തിന്റെ തോതും മൂല്യവും വര്‍ധിക്കാനും കാരണമാകും. അവരിലൂടെ വിപണിയിലേക്കിറങ്ങുന്ന പണം പലതരത്തിലും നാടിനും നാട്ടുകാര്‍ക്കും ഗുണമുണ്ടാക്കുന്നതാണ്. മട്ടാഞ്ചേരിയിലും ഫോര്‍ട്ടു കൊച്ചിയിലും പിന്നെ ഇവിടെ നിന്ന് ആലപ്പുഴയ്ക്കും മുസിരിലേക്കുമൊക്കെ സഞ്ചരിക്കുന്ന, അവിടങ്ങളില്‍ സമയം ചെലവഴിക്കുന്ന സഞ്ചാരികളിലൂടെ നാടിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ ചുക്കാന്‍ പിടിക്കുന്നതില്‍ ബിനാലെക്കുള്ള പങ്കിനെ അംഗീകരിക്കാതിരിക്കാനാകില്ല.