X

യു.ഡി.എഫില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമമെങ്കില്‍ നടക്കില്ല; വി.ഡി സതീശന്‍

യു.ഡി.എഫില്‍ കുഴപ്പങ്ങളുണ്ടാക്കാമെന്ന ധാരണയോടെയാണ് അടുപ്പത്ത് വെള്ളം വച്ചതെങ്കില്‍ അതങ്ങ് വാങ്ങി വച്ചാല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആ പരിപ്പ് ഇവിടെ വേവില്ല. ലീഗ് യു.ഡി.എഫിന്റെ അഭിവാജ്യഘടകമാണ്. യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരു പാര്‍ട്ടിയെ പോലെയാണ് നിയമസഭയിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്ക് ശക്തമായ പിന്തുണയാണ് ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായത്. തൃക്കാക്കരയും തദ്ദേശ ഉപതെരഞ്ഞെടുപ്പും ഉള്‍പ്പെടെ നേരിട്ട തെരഞ്ഞെടുപ്പുകളിലൊക്കെ ഉജ്ജ്വല വിജയമാണ് യു.ഡി.എഫിനുണ്ടായത്. സര്‍ക്കാരിനെതിരായ ജനരോഷത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സി.പി.എം ഇത്തരത്തിലുള്ള ഓരോ വിഷയങ്ങളുമായി വരുന്നത് അദ്ദേഹം പറഞ്ഞു.

കെ. സുരേന്ദ്രനോട് അഭിപ്രായം ചോദിച്ചല്ല യു.ഡി.എഫ് തീരുമാനങ്ങളെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. യു.ഡി.എഫിന് യു.ഡി.എഫിന്റേതായ രാഷ്ട്രീയവും തീരുമാനങ്ങളുമുണ്ട്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്ലിനെ പല്ലും നഖവും ഉപയോഗിച്ചാണ് യു.ഡി.എഫ് നിയമസഭയില്‍ എതിര്‍ക്കുന്നത്. കൂട്ടായ തീരുമനങ്ങളെടുത്ത് ഒറ്റക്കെട്ടായാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് ഒരു പ്രസക്തിയുമില്ല. ഇവിടെ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരം. മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ ബി.ജെ.പിയെ അന്വേഷിക്കുന്നില്ല. അതാണ് അവരെ അസ്വസ്ഥമാക്കുന്നത്. അതിന്റെ അസ്വസ്ഥതയാണ് അവര്‍ പ്രകടിപ്പിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.

Test User: