X

സത്യാന്വേഷി-പ്രതിഛായ

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Chandrika Web: