ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ആം ആദ്മി പാർട്ടി. ഈ ദുഷ്‌കരമായ സമയങ്ങളിൽ ജനാധിപത്യത്തെ സംരക്ഷിച്ചതിന് സുപ്രീംകോടതിക്ക് നന്ദിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ കുറിച്ചു. ഈ രാജ്യം ഇപ്പോഴും ജനാധിപത്യത്താൽ നയിക്കപ്പെടുന്നു. ഇത് വോട്ട് കള്ളന്മാരുടെ കവിളിലേറ്റ കനത്ത പ്രഹരമാണെന്ന് വിധിക്ക് ശേഷം എഎപി രാജ്യസഭാ എംപി സ്വാതി മലിവാളും കുറിച്ചു.
അസാധുവായ എട്ട് വോട്ടുകളും എഎപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായിരുന്നു. ഈ വോട്ടുകൾ അസാധുവാക്കിയ ചണ്ഡീഗഡ് പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മാസിയുടെ ഫലപ്രഖ്യാപനമാണ് കോടതി റദ്ദാക്കിയത്. അനില്‍ മാസിക്കെതിരെ പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് കോടതി നിര്‍ദ്ദേശം നൽകി.
എന്നാൽ പ്രത്യാഘാതങ്ങള്‍ മനസിലാക്കാതെയാണ് നടപടി എന്നായിരുന്നു അനില്‍ മാസിയുടെ മറുപടി. അനില്‍ മാസിക്ക് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ നോട്ടീസയക്കും. മൂന്നാഴ്ചയ്ക്കകം അനില്‍ മാസി മറുപടി നല്‍കുകയും വേണം. അനില്‍ മാസിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്കും കോടതി നിർദ്ദേശം നൽകിയിരുന്നു.