X

സത്യത്തെ അധികകാലം കുഴിച്ചുമൂടാനാവില്ല- എഡിറ്റോറിയല്‍

പൊതുജനങ്ങള്‍ക്ക് ഇന്ത്യന്‍ മാധ്യമങ്ങളിലുണ്ടായിരുന്ന വിശ്വാസം കുറഞ്ഞുവരുന്ന കാലഘട്ടമാണിത്. മിക്ക മാധ്യമങ്ങളും ഭരണകക്ഷിക്ക് അനുകൂല നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയതോടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ കിട്ടാക്കനിയായി. മിക്ക മീഡിയയും ഗോഡി മീഡിയയായി പരിണമിച്ചതോടെ ആളുകള്‍ക്ക് ഇന്ത്യന്‍ മീഡിയയില്‍ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടു. ദേശീയ തലത്തില്‍ അവസാനംവരെ വിശ്വാസ്യത നിലനിര്‍ത്തിയ ചാനലും സംഘ്പരിവാര്‍ ഏറ്റെടുത്തതോടെ പൂര്‍ണമായും ഇന്ത്യന്‍ മാധ്യമരംഗം സംഘ്പരിവാറിന്റെ കൈകളിലായി.

സത്യം അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് ഇതിലൂടെ ഭരണകൂടം തന്ത്രപരമായി ഇല്ലാതാക്കിയത്. എന്നാല്‍ ചില മാധ്യമങ്ങളെങ്കിലും ഭരണകൂടങ്ങളെ ഭയക്കാതെ നട്ടെല്ല് നിവര്‍ത്തി ഇപ്പോഴും നിലകൊള്ളുന്നു എന്നത് പ്രതീക്ഷാര്‍ഹമാണ്. ഗുജറാത്ത് കലാപം ആസൂത്രിതമെന്ന് തെളിയിക്കുന്ന ബ്രിട്ടന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട ‘കാരവന്‍’ മാഗസിന്റെ റിപ്പോര്‍ട്ട് കലാപത്തിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരുന്നതാണ്. സംഘ്പരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് മാസങ്ങള്‍ക്ക് മുമ്പുതന്നെ നടത്തിയ ആസൂത്രണത്തിന്റെ ഫലമാണ് ഗുജറാത്ത് കലാപമെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്ത് കലാപത്തിന് കാരണമായെന്ന് കരുതുന്ന ഗോധ്ര ട്രെയിന്‍ തീവെപ്പ് സംഭവം ഉണ്ടായില്ലെങ്കിലും മുസ്‌ലിം വംശഹത്യയിലേക്ക് നയിച്ച കലാപം ഉണ്ടാകുമായിരുന്നുവെന്ന് കമ്മീഷന്‍ കണ്ടെത്തുന്നതായി വാര്‍ത്ത വ്യക്തമാക്കുന്നുണ്ട്.

ബി.ബി.സി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി സംഘ്പരിവാര്‍ ശക്തികളെ അലോസരപ്പെടുത്തുന്ന അവസരത്തിലാണ് കമ്മീഷന്‍ കണ്ടെത്തലുകള്‍ പുറത്തുവരുന്നത്. ബി.ബി.സി പുറത്തുവിട്ട ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഭീകരമായ ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ഇതുവരെ വെളിച്ചം കാണാത്ത രഹസ്യരേഖകള്‍ അടങ്ങുന്ന ഡോക്യുമെന്ററി അനാവരണം ചെയ്യുന്നതാണ് ഫാഷിസ്റ്റുകള്‍ ഭയക്കുന്നത്. കൊലയും കൊള്ളയും സമം ചേര്‍ത്ത ഗുജറാത്ത് കലാപം, ക്രൂരമായ വംശഹത്യയിലേക്ക് എത്തിയത് എങ്ങനെയെന്ന വിവരണമാണ് പുറത്തുവരുന്നത്.

വംശഹത്യയെകുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപംകൊടുത്ത അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങളും പുറത്തുവരുന്നു. ആഗോള തലത്തില്‍ സംഘ്പരിവാറിന്റെ വികൃത മുഖം വ്യക്തമാക്കുന്നതാണ് ഇത്. ഇതുതന്നെയാണ് അവരെ വിളറി പിടിപ്പിക്കുന്നതും. ഒരു ഡോക്യുമെന്ററിയോട് പ്രതികരിക്കാന്‍ വിദേശകാര്യ വക്താവിനെ അയക്കുക, മൂന്നും നാലും മന്ത്രിമാര്‍ വിമര്‍ശനവുമായി ഇറങ്ങുക, ഐ.ടി സെല്‍ മുഴുവന്‍ ബ്രിട്ടീഷുകാരെ തെറി വിളിക്കുക, അവസാനം ഡോക്യുമെന്ററി നിരോധിക്കുകയും മുഴുവന്‍ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍നിന്നും ലിങ്കുകള്‍ നീക്കം ചെയ്യാന്‍ അടിയന്തരാവസ്ഥകാലത്തെ റൂളുകള്‍ ഉപയോഗിക്കുക തുടങ്ങിയവയൊക്കെയാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം കേട്ടുകേള്‍വിയില്ലാത്തതാണ്. എന്നാല്‍ യൂത്ത്‌ലീഗ് ഉള്‍പ്പെടെ രാജ്യത്തെ യുവജന സംഘടനകള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന നിലപാടിലാണ്.

രാജ്യത്തെ സര്‍വകലാശാലകളിലും പ്രദര്‍ശിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ഹൈദരാബാദ് സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ച ജെ.എന്‍. യു വിദ്യാര്‍ത്ഥികളെ അധികാരികള്‍ വിലക്കിയിരുന്നു. സത്യം എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുമെന്നാണ് യുവജനസംഘടനകള്‍ വ്യക്തമാക്കുന്നത്.

ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സംഘ്പരിവാറിനു എന്നും ശത്രുപക്ഷത്താണ്. ഒറ്റുകൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ചുപിടിക്കാവുന്നതല്ല. ഭരണത്തിന്റെ തണലില്‍ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിലാണ് സംഘ്പരിവാര്‍ ശക്തികള്‍. അതിനായി കോടികള്‍ ചെലവഴിച്ച് തങ്ങള്‍ക്കനുകൂലമായി ചരിത്രം തിരുത്തി എഴുതിക്കുകയാണ്. ചരിത്രത്തില്‍ യാതൊരു സ്ഥാനവുമില്ലാത്തവരാണ് സംഘ്പരിവാര്‍ എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍പോലും ഒരു പങ്കും അവര്‍ വഹിച്ചിട്ടില്ല. പേരെടുത്തുപറയാന്‍ ഒരു നേതാവുപോലും അവര്‍ക്കില്ല. ഇതെല്ലാം മറച്ചുപിടിക്കാനൊരു ലോക നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാനായിരുന്നു സംഘ്പരിവാറിന്റെ നീക്കം. അതിനായി അവര്‍ കണ്ടെത്തിയത് മോദിയെയായിരുന്നു. അദ്ദേഹത്തിന്റെ ഇമേജാണ് ബി.ബി.സി ഡോക്യുമെന്ററിയിലൂടെ തകിടംമറിഞ്ഞത്.

തങ്ങള്‍ക്കിഷ്ടമില്ലാത്തതൊക്കെ നിരോധിക്കുകയോ വിലക്കേര്‍പ്പെടുത്തുകയോ ചെയ്യുക എന്ന ഫാസിസ്റ്റ് രീതിതന്നെയാണ് ഡോക്യുമെന്ററിയെ നേരിടാന്‍ തിരഞ്ഞെടുത്തത്. പക്ഷേ എത്ര മൂടിവെച്ചാലും സത്യം ഒരു നാള്‍ പുറത്തുവരിക തന്നെചെയ്യുമെന്നാണ് ഈ സംഭവവും ഓര്‍മപ്പെടുത്തുന്നത്. ഇനി ഇതിന്റെ പേരില്‍ കാമ്പസുകളിലും തെരുവുകളിലും ചോര വീഴ്ത്താനായിരിക്കും ശ്രമം. അതിന് അവസരമൊരുക്കാതിരിക്കാനായിരിക്കണം യുവജനങ്ങള്‍ ശ്രദ്ധിക്കേണ്ടത്. രാജ്യത്ത് അശാന്തി വളര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നാടിന്റെ ശത്രുക്കളാണ്. അവരെ സമാധാനപരമായി ജനാധിപത്യ മാര്‍ഗത്തിലൂടെ വേണം നേരിടാന്‍. നിരപരാധികളെ കൊന്നൊടുക്കി അധികാര സോപാനത്തില്‍ എക്കാലവും ഇരിക്കാമെന്ന വ്യാമോഹമൊന്നും ആര്‍ക്കും വേണ്ട.

webdesk13: