തിരുവനന്തപുരം: കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ വഴി സംസ്ഥാനത്ത് തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനു പിന്നില്‍ വന്‍ ഗൂഢാലോചന. സോഷ്യല്‍മീഡിയയിലൂടെ ഹര്‍ത്താല്‍ പ്രചരിപ്പിക്കുന്നതിന് ഗ്രൂപ്പുകള്‍ ആരംഭിച്ചത് ഹര്‍ത്താലിനു 48 മണിക്കൂര്‍ മുമ്പ് മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓരോ ജില്ലയിലും ഇതിനായി ഓരോ ഗ്രൂപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യക്തമായ പ്ലാനിങോടെയാണ് കഠ്‌വ സംഭവവുമായി കേരളത്തില്‍ ഹര്‍ത്താല്‍ അരങ്ങേറിയത്. വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഹര്‍ത്താലിന് ആഹ്വാനം നടന്നത്. കലാപത്തിന് ആഹ്വാനം ചെയ്ത് തീവ്രസ്വഭാവമുള്ള സന്ദേശങ്ങളും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനു പുറമെ പ്രാദേശികതലത്തില്‍ ഓരോ പ്രദേശത്തെയും ആളുകളെ അഡ്മിനാക്കി നൂറു കണക്കിന് പ്രത്യേക സബ് ഗ്രൂപ്പുകളും ഇവരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഉണ്ടാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരനടക്കം അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തെന്മല സ്വദേശി അമര്‍നാഥ് ബൈജുവാണ് ഹര്‍ത്താലിന്റെ മുഖ്യസൂത്രധാരന്‍. ഇയാളെ കൂടാതെ തിരുവനന്തപുരം സ്വദേശി എം.ജെ സിറില്‍, നെല്ലിവള സ്വദേശി സുധീഷ്, അഖില്‍, ഗോകുല്‍ ശേഖര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.