കോഴിക്കോട്: കോഴിക്കോട് വിവാഹവീട്ടില്‍ നിന്ന് വീഡിയോയില്‍ അപ്രതീക്ഷിതമായി കുടുങ്ങിയ പുലിയുടെ ദൃശ്യങ്ങളുടെ സത്യാവസ്ഥ പുറത്ത്. വീഡിയോയിലുള്ളത് പുലിയല്ലെന്നും വിവാഹവീടിനു സമീപത്തു കണ്ടത് കാട്ടുപൂച്ചയാണെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.
പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇതു വ്യക്തമായത്. പുലിയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവുകളൊന്നും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ല. പുലിയുടെ വിസര്‍ജ്യമോ ഭക്ഷ്യാവശിഷ്ടങ്ങളോ കണ്ടെത്തിയില്ല.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് എത്തിയത് കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്. കാല്‍പാടുകള്‍ പരിശോധിച്ചെങ്കിലും പുലിയുടെതല്ലെന്ന് വ്യക്തമായി.
കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്ത് കഴിഞ്ഞ ദിവസമാണ് സംഭവം.
വിവാഹ സത്കാരത്തിനിടെ വീട്ടില്‍ നിന്നെടുത്ത വീഡിയോയിലാണ് പുലിയുടേതിന് സമാനമായ ദൃശ്യങ്ങള്‍ പതിഞ്ഞത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ സത്കാരത്തില്‍ പങ്കെടുത്ത കുട്ടികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടിരുന്നു.
ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ പുലി പതിഞ്ഞ വിവരം ശ്രദ്ധയില്‍പ്പെടുത്തിയത്. നാട്ടുകാര്‍ ഉടനെ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.