X

തെരഞ്ഞെടുപ്പ് ‘കട്ടെടുക്കാന്‍’ ശ്രമിക്കുന്നു; ബൈഡനെതിരെ ഗുരുതര ആരോപണവുമായി ട്രംപ്

വാഷിങ്ടണ്‍: ഡെമോക്രാറ്റുകള്‍ തെരഞ്ഞെടുപ്പ് ഫലം ‘മോഷ്ടിക്കാന്‍’ ശ്രമിക്കുകയാണ് എന്ന ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഒന്നും വ്യക്തമാക്കാതെയാണ് ട്രംപ് ആരോപണം ഉന്നയിച്ചത്.

‘ഞങ്ങള്‍ വലുതാണ്. എന്നാല്‍ അവര്‍ തെരഞ്ഞെടുപ്പ് കട്ടെടുക്കാന്‍ ശ്രമിക്കുകയാണ്. അതനുവദിക്കില്ല’ – എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. വിജയത്തെ കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ട് എന്ന ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ആയിരുന്നു ട്രംപിന്റെ പ്രതികരണം.

ട്രംപിന്റെ ട്വീറ്റിനെതിരെ ട്വിറ്ററും ഫേസ്ബുക്കും രംഗത്തുവന്നു. ട്രംപിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ് കമ്പനികള്‍ അറിയിച്ചത്. പോസ്റ്റുകള്‍ ഫളാഗ് ചെയ്യുകയും ചെയ്തു.

‘ഈ തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള വഴിയിലാണ് ഞങ്ങള്‍ എന്ന് വിശ്വസിക്കുന്നു. നല്ല നിലയിലാണിപ്പോള്‍’ – എന്നായിരുന്നു ബൈഡന്റെ വാക്കുകള്‍. ഓരോ വോട്ടും ഓരോ ബാലറ്റും എണ്ണിത്തിട്ടപ്പെടുത്തണമെന്ന് അറിയാം. അരിസോണ, മിനെസ്‌റ്റോ എന്നിവിടങ്ങളില്‍ ശുഭപ്രതീക്ഷയുണ്ട്. ജോര്‍ജിയയിലും നമ്മള്‍ കളത്തിലുണ്ട്. അത് നമ്മള്‍ പ്രതീക്ഷിച്ചതല്ല. വിസ്‌കോന്‍സിനെ കുറിച്ചും ആത്മവിശ്വാസമുണ്ട്. പെന്‍സില്‍വാനിയയില്‍ നമ്മള്‍ ജയിക്കാന്‍ പോകുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുയായികളോട് അന്തിമ ഫലം വരുന്നതു വരെ കാത്തിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ആരാണ് ജയിച്ചത് എന്ന് പ്രഖ്യാപിക്കേണ്ടത് തന്റെയോ ഡൊണാള്‍ഡ് ട്രംപിന്റെയോ ഉത്തരവാദിത്വമല്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, വോട്ടെടുപ്പില്‍ ബൈഡന് നേരിയ മുന്‍തൂക്കമാണ് നിലവിലുള്ളത്. 220 ഇടത്ത് ബൈഡന്‍ വിജയിച്ചപ്പോള്‍ 213 ഇലക്ട്രോറല്‍ ബാലറ്റാണ് ട്രംപിന് കിട്ടിയത്. ടെക്‌സാസ്, ഫ്‌ളോറിഡ, ഓഹിയോ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചു. മിനസോട്ടയില്‍ ബൈഡനും.

Test User: