വാഷിങ്ടണ്‍: അമേരിക്കന്‍ സെനറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത അടി. അലബാമയിലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോയ് മൂറിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡഗ് ജോണ്‍സ് വിജയിച്ചു. ഇതോടെ സെനറ്റിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. 51-49 ആണ് നിലവില്‍ സെനറ്റ് കക്ഷിനില. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അലബമായില്‍ ജയിക്കുന്നത്. മൂറിനെ വിജയിപ്പിക്കിന്നതിനുവേണ്ടി ഭരണസംവിധാനങ്ങളെല്ലാം ഉപയോഗിച്ച് ട്രംപ് രംഗത്തിറങ്ങിയിരുന്നു.
മൂറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളും ട്രംപിനെ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഭരണവിരുദ്ധ വികാരവുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആഘാതമായത്. യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന്റെ ഒഴിവിലേക്കാണ് അലബമായില്‍ തെരഞ്ഞെടുപ്പ് നടന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള പ്രൈമറി തെരഞ്ഞെടുപ്പില്‍ ലൂഥര്‍ സ്‌ട്രേഞ്ചിനെയായിരുന്നു ട്രംപ് പിന്തുണച്ചിരുന്നത്. എന്നാല്‍ റോയ് മൂര്‍ വിജയിക്കുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ അലബാമയില്‍ ട്രംപ് നേരിടുന്ന രണ്ടാമത്തെ പരാജയമാണിത്. യാഥാസ്ഥിതികനായ റോയ് മൂറിന്റെ പല പ്രസ്താവനകളും വിവാദമായിരുന്നു. യു.എസ് കോണ്‍ഗ്രസില്‍ മുസ്്‌ലിംകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ലെന്നുപോലും അദ്ദേഹം തട്ടിവിട്ടു. ട്രംപ് അധികാരത്തിലെത്തിയ ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറെയും ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് നേട്ടം കൊയ്തത്. കഴിഞ്ഞ മാസം വിര്‍ജീനിയ, ന്യൂജയഴ്‌സി തെരഞ്ഞെടുപ്പുകളിലും വിജയം ഡെമോക്രാറ്റിക് പാര്‍ട്ടിക്കായിരുന്നു.
- 7 years ago
chandrika
Categories:
Video Stories