X
    Categories: CultureMoreViews

ട്രംപിന്റെ സൗദി പ്രസംഗം എഴുതുന്നത് മുസ്ലിം വിരോധത്തിന്റെ പേരില്‍ കുപ്രസിദ്ധനായ ഉദ്യോഗസ്ഥന്‍

സ്റ്റീഫന്‍ മില്ലര്‍

വാഷിങ്ടണ്‍: സൗദി അറേബ്യ സന്ദര്‍ശിക്കുന്ന യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് ഞായറാഴ്ച അറബ് രാജ്യത്ത് നടത്താനുള്ള പ്രസംഗം എഴുതുന്നത് വിവാദ ഉദ്യോഗസ്ഥന്‍ സ്റ്റീഫന്‍ മില്ലര്‍. ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസ്സിലേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള ട്രംപിന്റെ വിവാദ പ്രസംഗം എഴുതി കുപ്രസിദ്ധനായ മില്ലര്‍ നയകാര്യങ്ങളില്‍ ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനും പ്രസംഗമെഴുത്തുകാരനുമാണ്.

50-ലധികം മുസ്ലിം നേതാക്കള്‍ക്കു മുമ്പില്‍ നടത്താനിരിക്കുന്ന ഈ പ്രസംഗം, ട്രംപിന്റെ അഞ്ചു രാജ്യ സന്ദര്‍ശനത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള വിരോധം തുറന്നു പറയുകയും മുസ്ലിംകളെ അമേരിക്കയില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ട്രംപ്, മുസ്ലിംകളുടെ പവിത്ര നഗരങ്ങളായ മക്കയും മദീനയും സ്ഥിതി ചെയ്യുന്ന സൗദിയില്‍ എന്താണ് പ്രസംഗിക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകം.

പ്രസംഗമെഴുതുന്ന സ്റ്റീഫന്‍ മില്ലര്‍ മുസ്ലിം / ഇസ്ലാം വിരോധത്തിന്റെ പേരില്‍ കുപ്രസിദ്ധനാണ്. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ മില്ലര്‍ എഴുതിയ ലേഖനങ്ങള്‍ മിക്കതും ഇസ്ലാമിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഭീകരതാ വിരോധത്തിന്റെ പേരില്‍ മുസ്ലിം വിരുദ്ധ വിദ്വേഷം പടര്‍ത്തുന്ന ‘ടെററിസം അവയര്‍നെസ് ഗ്രൂപ്പി’ലും പ്രവര്‍ത്തിച്ചു പരിചയമുണ്ട് മില്ലര്‍ക്ക്.

ട്രംപിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനു മുമ്പ് മില്ലര്‍ അലബാമ സെനറ്റര്‍ ജെഫ് സെഷന്‍സിന്റെ സഹായിയായിരുന്നു. കടുത്ത വംശീയവാദിയായി അറിയപ്പെടുന്ന സെഷന്‍സ് നിലവില്‍ ട്രംപിന്റെ അറ്റോര്‍ണി ജനറലാണ്.

സൗദിയും ഇസ്രാഈലുമടക്കം അഞ്ച് രാജ്യങ്ങളിലായി നടത്തുന്ന സന്ദര്‍ശനം നിര്‍ണായകമാണെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇസ്ലാമിക മതമൗലിക വാദം ചെറുക്കാന്‍ മുസ്ലിം സമൂഹത്തോട് ആവശ്യപ്പെടുമെന്നും ഇസ്ലാമിന്റെ സമാധാനപൂര്‍ണമായ കാഴ്ചപ്പാടിന് പ്രാധാന്യം നല്‍കാന്‍ അറബ് നേതാക്കളെ പ്രേരിപ്പിക്കുമെന്നും ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: