X

വാഷിങ്ടണില്‍ സൈനിക പരേഡിന് ഉത്തരവ്; ട്രംപിനെതിരെ വ്യാപക പ്രതിഷേധം

വാഷിങ്ടണ്‍: ഉത്തരകൊറിയയുടെയും ചൈനയുടെയും മാതൃകയില്‍ വാഷിങ്ടണില്‍ സൈനിക പരേഡ് നടത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. ആയുധങ്ങള്‍ അണിനിരത്തി അമേരിക്കയുടെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് നടത്തി നെപ്പോളിയനാകാനാണ് ട്രംപിന്റെ ശ്രമമെന്ന് വിമര്‍ശകര്‍ പറയുന്നു.

ട്രംപിന്റെ അഹങ്കാരത്തിന് വളംവെക്കാനല്ലാതെ, അമേരിക്കയെ സേവിക്കുന്ന സൈനികരെ ആദരിക്കാനുള്ള നീക്കമായി ഇതിനെ ആരും കാണില്ലെന്ന് വാഷിങ്ടണ്‍ ഡി.സി കൗണ്‍സില്‍ അംഗം ചാള്‍സ് അലെന്‍ പറഞ്ഞു. സ്വയം വാഴ്ത്തുന്ന ഒരു നേതാവിന്റെ വിഡ്ഢിത്തം നിറഞ്ഞ ഏകാധിപത്യ ആശയമാണ് അതെന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം കെയ്ത്ത് എല്ലിസണ്‍ പരിഹസിച്ചു. കഴിഞ്ഞ ജൂലൈയില്‍ ഫ്രഞ്ച് സൈനിക പരേഡ് കണ്ട് തിരിച്ചെത്തിയ ശേഷമാണ് സൈനിക ശക്തി വിളിച്ചറിയിക്കുന്ന പരേഡ് സംഘടിപ്പിക്കാന്‍ ട്രംപ് ആലോചിച്ചു തുടങ്ങിയത്. പാരിസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോടൊപ്പമാണ് ട്രംപ് പരേഡ് വീക്ഷിച്ചത്.

അമേരിക്കയില്‍ അപൂര്‍വമായേ സൈനിക പരേഡുകള്‍ നടത്താറുള്ളൂ. ഗള്‍ഫ് യുദ്ധത്തിനുശേഷം 1991ലാണ് വാഷിങ്ടണില്‍ വലിയൊരു പരേഡ് നടന്നത്. 80 ദശലക്ഷം ഡോളറിലേറെ ചെലവിട്ടായിരുന്നു അന്നത്തെ പരേഡ് സംഘടിപ്പിച്ചത്. ഇപ്പോള്‍ അതിലേറെ ചെലവു വരും. പ്രസിഡന്റിനെ സുഖിപ്പിക്കാനാണ് പണം പാഴാക്കുന്നതെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ ഡിക്ക് ഡര്‍ബിന്‍ കുറ്റപ്പെടുത്തി. ട്രംപിന്റെ അനുയായികള്‍ പോലും പരേഡിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. പഴയ സോവിയറ്റ് ശൈലിയിലുള്ള ഇത്തരം പ്രകടനങ്ങള്‍ ദൗര്‍ബല്യമാണ് പ്രകടിപ്പിക്കുകയെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരേഡിന് തയാറെടുക്കാന്‍ അമേരിക്കയുടെ സൈനിക മേധാവിമാര്‍ക്ക് ട്രംപ് ഉത്തരവ് നല്‍കിയിട്ടുണ്ട്.

chandrika: