വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണും തമ്മില്‍ നടന്ന അവസാന ടെലിവിഷന്‍ സംവാദവും ചൂടേറിയതായി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഫലം അംഗീകരിക്കുമെന്ന് പറയാന്‍ ട്രംപ് വിസമ്മതിച്ചു. ഹിലരിയെ വിജയിപ്പിക്കുന്നതിനുവേണ്ടി വോട്ടെടുപ്പ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപിക്കുന്ന താങ്കള്‍ ഫലം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് സമയം വരുമ്പോള്‍ പറയാമെന്നായിരുന്നു ട്രംപിന്റെ മറുപടി. ലാസ് വെഗാസില്‍ നടന്ന സംവാദത്തിനിടെ കടുത്ത ഭാഷയിലാണ് അദ്ദേഹം ഹിലരിയെ നേരിട്ടത്. വൃത്തികെട്ട സ്ത്രീയാണ് ഹിലരിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംവാദം തുടങ്ങുന്നതിനമുമ്പ് ഇരുവരും ഹസ്തദാനത്തിന് വിസമ്മതിച്ചു. കുടിയേറ്റവും ഗര്‍ഭഛിദ്രവും തോക്ക് നിയന്ത്രണ നിയമവും ട്രംപിനെതിരായ ലൈംഗികാരോപണങ്ങളുമെല്ലാം സംവാദത്തില്‍ വിഷയങ്ങളായി. ഫലം അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ട്രംപ് അമേരിക്കയുടെ ജനാധിപത്യ പാരമ്പര്യത്തെ വില കുറച്ചു കാണിക്കുകയാണെന്ന് ഹിലരി പറഞ്ഞു. യു.എസ് തെരഞ്ഞെടുപ്പുകളെല്ലാം സ്വതന്ത്രവും നിഷ്പക്ഷവുമായാണ് നടത്താറുള്ളത്. ജനവിധി അംഗീകരിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്തു വിലകൊടുത്തും കുടിയേറ്റം തടയുമെന്ന് ട്രംപ് വ്യക്തമാക്കി. ആളുകള്‍ അനധികൃതമായി കടക്കുന്നത് തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന പഴയ പ്രഖ്യാപനം സംവാദത്തിലും ആവര്‍ത്തിച്ചു.
കുടിയേറ്റത്തെ ശക്തമായി പിന്തുണച്ചുകൊണ്ടാണ് ഹിലരി സംസാരിച്ചത്. കുടിയേറുന്നവരെ നിയമപരമായി അംഗീകരിക്കുന്നത് അമേരിക്കയുടെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുമെന്ന് അവര്‍ വാദിച്ചു. ട്രംപിന്റെ പുടിന്‍ അനുകൂല നിലപാടായിരുന്നു ഹിലരി സംവാദത്തില്‍ പുറത്തടുത്ത മറ്റൊരു പ്രധാന ആയുധം. അമേരിക്കന്‍ സേനയെയും രഹസ്യാന്വേഷണ ഏജന്‍സിയെയും വിശ്വാസത്തിലെടുക്കാതെ പുടിനെ പൂവിട്ടുപൂജിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ഹിലരി പറഞ്ഞു. പ്രസിഡണ്ടായ ഉടനെ റഷ്യ സന്ദര്‍ശിക്കുന്നമെന്നത് അടക്കം പുടിനെ അനുകൂലിച്ച് ട്രംപ് നടത്തിയ പ്രസ്താവനകളെല്ലാം ഹിലരി സംവാദത്തില്‍ എടുത്തിട്ടു. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന യു.എസിന്റെ ഔദ്യോഗിക നിലപാട് അംഗീകരിക്കാന്‍ ട്രംപ് തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിലരി ആക്രമണം തുടങ്ങിയത്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡണ്ട് പദവിക്ക് യോഗ്യനല്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അതിന്റെ പേരില്‍ സ്വന്തം ഭാര്യയോടു പോലും മാപ്പുപറയേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം മറുപടി നല്‍കി. പ്രസിഡണ്ടായാല്‍ വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു ജഡ്ജിയെയാണ് സുപ്രീംകോടതിയില്‍ നിയമിക്കുകയെന്ന് ഹിലരി പറഞ്ഞപ്പോള്‍, തോക്ക് നിയമം സംരക്ഷിക്കുന്ന ജഡ്ജിയെയാണ് താന്‍ നിയമിക്കുകയെന്ന് ട്രംപ് പ്രഖ്യാപിച്ചു.