X

മിഷിഗണിലും ട്രംപിന് വിജയം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം വരാന്‍ ബാക്കിയിരുന്ന മിഷിഗണിലും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിജയം. ഇവിടെനിന്ന് 16 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് ലഭിച്ചത്.

ഇതോടെ അദ്ദേഹത്തിന്റെ ഇലക്ടര്‍ വോട്ടുകള്‍ 306 ആയി വര്‍ധിച്ചു. 1988നുശേഷം മിഷിഗണില്‍നിന്ന് ആദ്യമായാണ് ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. റഷ്യന്‍ ഹാക്കര്‍മാര്‍ ഫലത്തില്‍ അട്ടിമറി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് സ്റ്റേറ്റുകളുടെ കൂട്ടത്തില്‍ മിഷിഗണുമുണ്ട്.

ക്രമക്കേട് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റീന്‍ പുനര്‍ വോട്ടെണ്ണലിന് ആവശ്യപ്പെട്ടിരിക്കുകയാണ്. മിഷിഗണിനു പുറമെ, വിസ്‌കോന്‍സിനിലും പെന്‍സില്‍വാനിയയിലുമാണ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

വിസ്‌കോന്‍സിനിലേതുപോലെ മിഷിഗണിലും പുനര്‍ വോട്ടെണ്ണല്‍ ആവശ്യപ്പെടുമെന്ന് മിഷിഗണ്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി മുന്‍ ചെയര്‍മാനും സ്റ്റീനിന്റെ അഭിഭാഷകനുമായ മാര്‍ക് ബ്രെവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് വിശ്വാസ്യതയും കൃത്യതയും ഉറപ്പാക്കാനാണ് ഇതുവഴി തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മിഷിഗണില്‍ സ്റ്റീനിന് ലഭിച്ചത് 51,643 വോട്ടുകളാണ്. അതായത് മൊത്തം വോട്ടിന്റെ 1.07 ശതമാനം.

chandrika: