വാഷിങ്ടണ്‍: ഗുവാമിലെ യു.എസ് വ്യോമ, നാവിക താവളത്തിനു നേരെ ആക്രമണം നടത്തുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിന് ഭീഷണിയുടെ സ്വരത്തില്‍ മറുപടി നല്‍കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കൊറിയ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടി നല്‍കാന്‍ അമേരിക്കന്‍ സൈനിക സംവിധാനങ്ങള്‍ സര്‍വ സജ്ജമാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ‘ഉത്തര കൊറിയ ബുദ്ധിയില്ലാതെ പെരുമാറിയാല്‍, സൈനിക പരിഹാരം ഇപ്പോള്‍ പൂര്‍ണ സജ്ജമാണ്. കിങ് ജോങ് ഉന്‍ വേറെ വഴി നോക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
ഗുവാമിലെ സാധാരണക്കാര്‍ മിസൈല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഇന്ന് രാവിലെ ഉത്തര കൊറിയന്‍ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. മിസൈല്‍ വര്‍ഷിക്കുമ്പോള്‍ സാധാരണക്കാര്‍ എന്തെല്ലാം ചെയ്യണമെന്ന് അടങ്ങുന്ന പ്രസ്താവനയാണ് പ്യോങ്യോങ് പുറത്തിറക്കിയത്. ഗുവാമിലേക്ക് അയക്കാനുള്ള മിസൈലുകള്‍ തയാറാണെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ്, കൈവിട്ട കളിക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
അതിനിടെ, അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഉത്തര കൊറിയ ആദ്യം ആക്രമണം നടത്തിയാല്‍ നിഷ്പക്ഷത പാലിക്കുമെന്ന് അവരുമായി പ്രതിരോധ ഉടമ്പടിയുള്ള ചൈന വ്യക്തമാക്കി. അതേസമയം അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് ഉത്തര കൊറിയയെ ആക്രമിച്ചാല്‍ അതിനെതിരെ രംഗത്തിറങ്ങുമെന്നും ചൈന വ്യക്തമാക്കി.