ന്യൂയോര്‍ക്ക്: ആണവ ഭീഷണി ഇറാനെ തിരിഞ്ഞുകടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2015ലെ ആണവകരാര്‍ പ്രകാരം സമ്പുഷ്ടീകരിക്കാവുന്ന യുറേനിയത്തിന്റെ പരിധി മറികടക്കുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
‘ജൂലൈ എഴ് ആവുന്നതോടുകൂടി ഞങ്ങളുടെ സമ്പുഷ്ടീകരണത്തിന്റെ പരിധി 3.67% ആയിരിക്കില്ല. ഞങ്ങള്‍ അത്തരമൊരു ബാധ്യത സൂക്ഷിക്കില്ല. 3.67%ത്തില്‍ നിന്നും ഞങ്ങള്‍ക്ക് ആവശ്യമുള്ളത്രയും വര്‍ധിപ്പിക്കും’ എന്നായിരുന്നു മന്ത്രിസഭാ യോഗത്തില്‍ റുഹാനി പറഞ്ഞത്.
ട്വിറ്ററിലൂടെയാണ് ഇതിനെതിരെ ട്രംപ് പ്രതികരിച്ചത്. ‘ ഇറാന്‍ പുതിയൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. പുതിയ ആണവ കരാറില്ലെങ്കില്‍ ഞങ്ങള്‍ക്ക് ആവശ്യമുള്ളത്രയും യുറേനിയം സമ്പുഷ്ടീകരിക്കുമെന്നാണ് റുഹാനി പറഞ്ഞത്. നിങ്ങള്‍ സൂക്ഷിക്കണം ഇറാന്‍. അത് മുമ്പെങ്ങുമില്ലാത്തവിധം നിങ്ങളെ തിരിഞ്ഞുകൊത്തും.’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
2015ല്‍ ലോകശക്തികളുമായുണ്ടാക്കിയ ആണവകരാര്‍ പ്രകാരം അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ യുറേനിയം സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇറാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. അമേരിക്കന്‍ ആണവ കരാറില്‍ നിന്നും പുറത്താക്കിയതിനുശേഷം കരാറിനെതിരെ ഇറാന്‍ നടത്തുന്ന ആദ്യ പ്രഖ്യാപനമാണിത്. യു.എസ് ഉപരോധത്തോട് പ്രതികരിക്കാനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ഇറാന്‍ ചെയ്തിരിക്കുന്നതെന്നും നീക്കം കരാറിന്റെ ലംഘനമല്ലെന്നുമാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് പറഞ്ഞത്.