വാഷിങ്ടണ്‍: അമേരിക്കയുമായി യുദ്ധത്തിനിറങ്ങിയാല്‍ ഇറാന്റെ അന്ത്യമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് താല്‍പര്യങ്ങളെ ആക്രമിച്ചാല്‍ ഇറാനെ തകര്‍ക്കും. ഇറാന്‍ പോരാട്ടത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ അവസാനമായിരിക്കും. അമേരിക്കയെ ഇനി ഒരിക്കലും ഭീഷണിപ്പെടുത്തരുത്-ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. ഇറാനില്‍നിന്ന് ഏത് തരത്തിലുള്ള ഭീഷണിയാണ് നേരിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞയാഴ്ച സഊദി അറേബ്യയുടെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയും ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ ഗ്രീന്‍ സോണിലും ആക്രമണം നടന്നിരുന്നു. ഇതിന് പിന്നില്‍ ഇറാനാണെന്ന് യു.എസ് ആരോപിക്കുന്നുണ്ട്. സംഘര്‍ഷം ആളിക്കത്തിച്ച് വിമാനവാഹിനി യുദ്ധക്കപ്പലും പോര്‍വിമാനങ്ങളും അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചിരിക്കുകയാണ്. ഇറാഖിലെ ബഗ്ദാദ് എംബസിയില്‍നിന്നും എര്‍ബീലിലെ കോണ്‍സുലേറ്റില്‍നിന്നും അത്യാവശ്യത്തിനല്ലാത്ത ജീവനക്കാരെ മുഴുവന്‍ യു.എസ് പിന്‍വലിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധ സംഘങ്ങളില്‍നിന്ന് ഭീഷണിയുണ്ടെന്നാണ് അമേരിക്ക അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇറാന്‍ വിഷയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിനകത്ത് തന്നെ അഭിപ്രായ ഭിന്നതകള്‍ ശക്തമാണെന്നാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഇറാനെതിരെ കടുത്ത നീക്കങ്ങള്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ അതിന് എതിരാണ്. ട്രംപ് പോലും ബോള്‍ട്ടനെ മയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറാനുമായി യു.എസ് യുദ്ധത്തിന് പോവുകയാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍ പുതിയ ഭീഷണിക്ക് ട്രംപിനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിനെ യു.എസ് ഭരണകൂടം ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നതായി സഊദി അറേബ്യയും പറയുന്നു.