X
    Categories: Newsworld

ഇന്ത്യക്കാരുടെ വോട്ട് ലക്ഷ്യമിട്ട് ട്രംപ്; ട്രംപിന്റെ പ്രചാരണ വിഡിയോയില്‍ മോദിയും

വാഷിങ്ടണ്‍: അമേരിക്കയില്‍ നവംബറില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ സമൂഹത്തിന്റെ വോട്ട് സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണ വിഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയിലെയും ഈ വര്‍ഷം ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിയിലെയും ദൃശ്യങ്ങളാണ് പ്രചാരണത്തിനായി ഉള്‍പ്പെടുത്തിയത്. 20 ലക്ഷം വരുന്ന അമേരിക്കന്‍ ഇന്ത്യക്കാരെ സ്വാധീനിക്കുക ലക്ഷ്യമിട്ടാണ് മോദിയെ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയത്.

ഹൂസ്റ്റണിലെ ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് മുമ്പില്‍ ട്രംപിനെ പ്രകീര്‍ത്തിച്ച് മോദി സംസാരിക്കുന്ന രംഗങ്ങളാണ് തെരഞ്ഞെടുപ്പ് വിഡിയോയില്‍ ആദ്യം. പിന്നാലെ ഇന്ത്യക്കാരെ പ്രകീര്‍ത്തിച്ച് ട്രംപ് അഹമ്മദാബാദില്‍ നടത്തിയ പ്രസംഗവുമുണ്ട്. ട്രംപിന്റെ ദ്വിദിന ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് അഹമ്മദാബാദില്‍ മോദിയോടൊപ്പം വന്‍ ജനാവലിയെ അഭിസംബോധന ചെയ്തത്. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, മരുമകന്‍ ജെര്‍ഡ് കുഷ്‌നര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

‘അമേരിക്കക്ക് ഇന്ത്യയുമായി മികച്ച ബന്ധമാണുള്ളത്. അമേരിക്കന്‍ ഇന്ത്യക്കാരില്‍ നിന്നും പ്രചാരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്’ വിഡിയോ പുറത്തുവിട്ടുകൊണ്ട് ട്രംപ് വിക്ടറി ഫിനാന്‍സ് കമ്മിറ്റി അധ്യക്ഷ കിംബര്‍ലി ഗില്‍ഫോയില്‍ പറഞ്ഞു.

 

 

chandrika: