X

ആണവ ഉടമ്പടിയില്‍ നിന്ന് പിന്മാറും; റഷ്യക്ക് അമേരിക്കയുടെ തിരിച്ചടി

വാഷിങ്ടണ്‍: റഷ്യയുമായുള്ള ആണവ ഉടമ്പടിയില്‍ നിന്ന് പിന്മാറുമെന്ന് അമേരിക്ക. ശീതയുദ്ധ സമയത്ത് അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയായ ആണവ ഉടമ്പടിയാണ് റദ്ദാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. റഷ്യയുടെ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നീക്കം. 1988ല്‍ യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗനും സോവിയറ്റ് നേതാവ് മിഖയേല്‍ ഗോര്‍ബച്ചേവും തമ്മില്‍ ഒപ്പുവെച്ച കരാറാണ് റദ്ദാക്കുന്നത്. പ്രസ്തുത കരാര്‍ പ്രകാരം ഹ്രസ്വമധ്യ ദൂര ആണവായുധങ്ങളുടെ ഉപയോഗവും നിര്‍മാണവും ഇല്ലാതാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. എന്നാല്‍ കരാര്‍ പാലിക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ പിന്മാറ്റം. നിര്‍ഭാഗ്യവശാല്‍ റഷ്യ കരാറിനെ മാനിക്കുന്നില്ല, അതിനാല്‍ ഈ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
കരാര്‍ ലംഘിച്ച് റഷ്യ കരയില്‍ നിന്ന് വിക്ഷേപിക്കാന്‍ പാകത്തില്‍ ഹ്രസ്വമധ്യദൂര മിസൈലുകള്‍ വികസിപ്പിക്കുകയാണെന്നാണ് അമേരിക്കയുടെ ആക്ഷേപം. എന്നാല്‍ റഷ്യ ഈ ആരോപണം തള്ളി.

chandrika: