X

ഇറാന്‍ കരാറിനെ തകര്‍ത്ത് ട്രംപ്; അപലപിച്ച് ലോകം

വാഷിങ്ടണ്‍: ലോകം ഭയപ്പെട്ടതുപോലെ ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറി. സഖ്യകക്ഷികളുടെയും കരാറില്‍ ഒപ്പുവെച്ച സഹരാഷ്ട്രങ്ങളുടെയും അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാനെതിരായ ഉപരോധം റദ്ദാക്കിയ തീരുമാനം പുതുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പകരം ശക്തമായ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തെ യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും ചൈനയും അപലപിച്ചു.

ആണവായുധ പദ്ധതിയില്‍നിന്ന് ഇറാനെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015ല്‍ യു.എസ് ഉള്‍പ്പെടുന്ന യു.എന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളും ജര്‍മനിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ താല്‍പര്യപ്രകാരം മാസങ്ങള്‍ നീണ്ട ചര്‍ച്ചകളിലൂടെ ഉണ്ടാക്കിയ കരാറിന് ട്രംപ് കത്തിവെച്ചിരിക്കുകയാണ്. ആണവായുധ പദ്ധതിയുടെ ഭാഗമായുള്ള യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കുന്നതിന് പകരം ഇറാനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുമെന്നാണ് കരാര്‍ വാഗ്ദാനം ചെയ്യുന്നത്. അമേരിക്ക-ഇറാന്‍ ബന്ധത്തില്‍ കാതലമായ മാറ്റത്തിന് കരാര്‍ വഴിയൊരുക്കിയിരുന്നു. പഴയ ശത്രുത മറന്ന് സൗഹൃദത്തിലേക്ക് നീങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ തീരുമാനത്തോടെ 2015ന് മുമ്പുള്ള അവസ്ഥയിലേക്ക് ഇറാന്‍-യു.എസ് ബന്ധം മാറിയിരിക്കുകയാണ്.

2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുമ്പോള്‍ തന്നെ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആണവകരാര്‍ ഏകപക്ഷീയമാണെന്നും ലോകം കണ്ട ഏറ്റവും മോശപ്പെട്ട ഉടമ്പടിയാണ് അതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ അമേരിക്കയോടൊപ്പം കരാറില്‍ ഒപ്പുവെച്ച യു.എസിന്റെ ഉറ്റസുഹൃദ് രാജ്യങ്ങളായ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ട്രംപിന്റെ വാദം അംഗീകരിച്ചിരുന്നില്ല. ലോകസമാധാന പുനസ്ഥാപനത്തില്‍ മുഖ്യപങ്ക് വഹിക്കുമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കരാറിനെ കൊല്ലുന്നതില്‍നിന്ന് ട്രംപിനെ പിന്തിരിപ്പിക്കാന്‍ മൂന്ന് രാജ്യങ്ങളുടെയും ഭരണത്തലവന്മാര്‍ നേരിട്ട് അമേരിക്കയില്‍ എത്തിയിരുന്നു. പക്ഷെ, അനുനയങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അദ്ദേഹം വഴങ്ങിയില്ല.

കരാറിന്റെ ഗുണദോഷ ഫലങ്ങളെക്കാള്‍ ഇറാനുമായി പിണങ്ങുകയും അവരുടെ ശത്രുത വാങ്ങുകയുമായിരുന്നു ട്രംപിന്റെ ലക്ഷ്യം. മാത്രമല്ല, അമേരിക്കയുടെ അരുമ രാഷ്ട്രമായ ഇസ്രാഈലിനെ സുഖിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. പശ്ചിമേഷ്യയില്‍ ഭീതി വിതിക്കാനും ആയുധകിടമത്സരം രൂപപ്പെടുത്താനും സാധിക്കുമെന്നതായിരുന്നു ട്രംപ് മുന്നില്‍ കണ്ട മറ്റൊരു നേട്ടം. ഇറാനുമായി ആണവകരാറില്‍ ഒപ്പുവെച്ചതില്‍ ഏറ്റവും കൂടുതല്‍ നിരാശയും രോഷവുമുണ്ടായിരുന്നത് ഇസ്രാഈലിനാണ്. ആണവായുധം വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന പേരില്‍ ഇറാനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ സൈനിക നടപടിയുണ്ടാകണമെന്നാണ് ഇസ്രാഈല്‍ ആഗ്രഹിക്കുന്നത്.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എന്‍ രക്ഷാസമിതിയില്‍ വ്യാജ രേഖകളുമായി എത്തി ഇറാന് ആണവായുധ പദ്ധതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിലപ്പോയിരുന്നില്ല. പകരം യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും റഷ്യയും, ചൈനയും ഇറാനുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് ചെയ്തത്. സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് തങ്ങളുടെ ആണവപദ്ധതിയെന്ന് ഇറാന്‍ തുടക്കം മുതല്‍ തന്നെ വാദിക്കുന്നുണ്ട്. പക്ഷെ, വന്‍ശക്തികള്‍ക്ക് ആ വാക്കുകളില്‍ വിശ്വാസമുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള ചര്‍ച്ചകളാണ് കരാറില്‍ അവസാനിച്ചത്.

chandrika: