വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ ശക്തിരാഷ്ട്രത്തിന്റെ അധിപനായ ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച മാസ്‌കിനെ കുറിച്ച്. എന്തു വന്നാലും മാസ്‌ക് ധരിക്കില്ല എന്ന് ശാഠ്യം പിടിച്ച നേതാവിനാണ് ഇപ്പോള്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. മാസ്‌ക് ധരിക്കുക എന്ന ലളിതമായ പാഠം മാത്രമേ ഇതില്‍ ഉള്ളൂ എന്നും സാമൂഹിക മാധ്യമങ്ങള്‍ പറയുന്നു.
വെളളിയാഴ്ച ട്രംപ് തന്നെയാണ് തനിക്കും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവാണ് എന്ന് അറിയിച്ചത്. ട്രംപിന്റെ അടുത്ത അനുയായി ഹോപ് ഹിക്‌സിന് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് ട്രംപും പരിശോധനയ്ക്ക് വിധേയനായത്. പ്രസിഡണ്ട് സംവാദത്തില്‍ എയര്‍ ഫോഴ്‌സ് വണില്‍ ട്രംപിനൊപ്പം ഹോപ് ഹിക്‌സും ഉണ്ടായിരുന്നു.
ട്രംപും ഭാര്യ മെലാനിയയും
ചര്‍ച്ചയ്ക്കായി ഓഹിയോയിലേക്ക് പോകുന്ന വേളയില്‍ ഹിക്‌സ് മാസ്‌ക് ധരിച്ചിരുന്നില്ല. വിമാനത്തിലും അദ്ദേഹം മുഖാവരണം ഇട്ടിട്ടില്ല.
ഹിക്‌സ് മാത്രമല്ല, മാസ്‌കിനോട് കോവിഡിന്റെ ആദ്യഘട്ടത്തില്‍ ട്രംപ് പുലര്‍ത്തിയ ‘ശത്രുത’യും പ്രസിദ്ധമാണ്. രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുമ്പോഴും മാസ്‌ക് ധരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. മെയില്‍ മാസ്‌ക് ധരിച്ചെത്തിയ ഒരു മാധ്യമപ്രവര്‍ത്തകനെ ട്രംപ് പരിഹസിക്കുകയും ചെയ്തിരുന്നു. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടറോട് ആയിരുന്നു ട്രംപിന്റെ പരിഹാസം.
വാഷിങ്ടണിലെ ഒരു സൈനിക ആശുപത്രി സന്ദര്‍ശിക്കുന്ന വേളയില്‍ മാത്രമാണ് ട്രംപ് ഇക്കാലയളവില്‍ മാസ്‌ക് ധരിച്ചത്. പ്രസിഡണ്ട് സംവാദത്തില്‍ മാസ്‌ക് ധരിക്കുന്നതില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡനെ ട്രംപ് പരിഹസിക്കുകയും ചെയ്തിരുന്നു.