വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കക്കാര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പുതിയ എച്ച് 1 ബി വിസ നയത്തിന്റെ ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. വിസ്‌കോണ്‍സിനിലെ മില്‍വോ കീയില്‍ വെച്ചാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചത്. എച്ച് 1 ബി വിസ പദ്ധതി അമേരിക്കക്കാരുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്ന് വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെഡറല്‍ കരാറുകളിലൂടെ അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച് 1 ബി വിസയില്‍ മാറ്റം കൊണ്ടുവരുന്നത്. അതേസമയം, വീസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനാല്‍ പുതിയ നിയമം നിലവില്‍ അനുവദിച്ച 8500 എച്ച്1 ബി വീസകളെ ബാധിക്കില്ല. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും നിയമം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ചില കമ്പനികള്‍ കൂടുതല്‍ വിദേശ തൊഴിലാളികള്‍ക്ക് അവസരം നല്‍കുകയും ശമ്പള നിരക്ക് കുറക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നിയമം അവതരിപ്പിച്ചത്. ഐ.ടി കമ്പനികള്‍ സാധാരണ ഉപയോഗപ്പെടുത്താറുള്ള ഗസ്റ്റ് വര്‍ക്കര്‍ സംവിധാനം കാരണം സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായും വേതന നിരക്ക് കുറയുന്നതായും യു.എസ് ഭരണകൂടം കണ്ടെത്തിയിരുന്നു. പുതിയ നിയമത്തിലൂടെ അതിവിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്കു മാത്രമായി തൊഴില്‍ അവസരങ്ങള്‍ നിജപ്പെടുത്താനാണ് ഉദ്ദേശ്യം. പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിദേശികള്‍ക്ക് യു.എസ് സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക വിസയാണ് എച്ച് 1 ബി. ബിരുദമെങ്കിലും ഉള്ളവരെയാണ് ഇതിനു പരിഗണിക്കുക. 65,000 എച്ച് 1 ബി വിസയാണ് നിയമപ്രകാരം ഒരു വര്‍ഷം അനുവദിക്കാവുന്നത്. എന്നാല്‍ നിയമത്തിലെ ഇളവുകള്‍ ഉപയോഗിച്ച് 1.3 ലക്ഷത്തിലേറെ വീസകള്‍ നല്‍കാറുണ്ട്. എച്ച് 1 ബി വീസ സംവിധാനം ഇന്ത്യന്‍ ഐടി കമ്പനികള്‍ ദുരുപയോഗിക്കുകയാണെന്ന് നേരത്തെ തന്നെ യുഎസ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അമേരിക്കക്കാരെ ഒഴിവാക്കാന്‍ കമ്പനികള്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നുവെന്നായിരുന്നു ട്രംപ് ക്യാമ്പിന്റെ ആരോപണം.
- 8 years ago
chandrika