Categories: Newsworld

അമേരിക്കയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അംഗീകരിക്കില്ല, രണ്ട് ജെന്‍ഡര്‍ മാത്രം, അത് ആണും പെണ്ണുമെന്ന് ട്രംപ്‌

അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള തന്റെ വിദ്വേഷം പരസ്യമായി പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞക്ക് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ അമേരിക്കയില്‍ ഇനി രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഉണ്ടാകൂ എന്ന് ട്രംപ് പ്രഖ്യാപിച്ചു.

അമേരിക്കയിലെ ജെന്‍ഡറുകളെ ആണും പെണ്ണുമായി മാത്രം പരിമിതപ്പെടുത്തി മറ്റ് ‘റാഡിക്കലും പാഴുമായ’ വൈവിധ്യങ്ങള്‍ അവസാനിപ്പിക്കാനുള്ള ഓര്‍ഡറുകളില്‍ ട്രംപ് ഒപ്പുവെക്കുമെന്ന് വൈറ്റ് ഹൗസ് ഒദ്യോഗസ്ഥര്‍ അറിയിച്ചു കഴിഞ്ഞു. ഇതിന്റെ തുടക്കമെന്നോണം രാജ്യത്തെ ഫെഡറല്‍ ഏജന്‍സികള്‍ക്കുള്ളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ അനുവദിക്കുന്ന ഇന്‍ക്ലൂഷന്‍ പ്രോഗ്രാമുകള്‍ക്ക് ട്രംപ് അന്ത്യം കുറിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ട്രംപ് ഭരണകൂടത്തിന് കീഴില്‍ അമേരിക്കയുടെ ‘വിശുദ്ധി’ വീണ്ടെടുക്കതിനാണ് പുതിയ അജണ്ട നടപ്പിലാക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പുതിയ ലിംഗനയം സ്ത്രീകളെ ലിംഗപരമായ തീവ്രപ്രത്യയശാസ്ത്രങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്നും ഫെഡറല്‍ ഗവണ്‍മെന്റിലെ ജീവശാസ്ത്രപരമായ ആണ്‍പെണ്‍ വേര്‍തിരിവുകള്‍ നിലനിര്‍ത്തുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഫെഡറല്‍ ഗവണ്‍മെന്റില്‍ ഇനി മുതല്‍ ‘ജെന്‍ഡര്‍’ എന്നതിനുപകരം ‘സെക്‌സ്’ എന്ന പദം ഉപയോഗിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌പോര്‍ട്ടുകളും വിസകളും ഉള്‍പ്പെടെയുള്ള ഔദ്യോഗിക സര്‍ക്കാര്‍ രേഖകള്‍ ലൈംഗികതയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോടും ആഭ്യന്തര സുരക്ഷാ വകുപ്പിനോടും ട്രംപ് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.

2022ല്‍, ബൈഡന്‍ ഭരണകൂടം യു.എസ് പൗരന്മാര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടുകളില്‍ ലിംഗനിഷ്പക്ഷ്ത എന്ന പേരില്‍ x എന്ന കോളം അനുവദിച്ചിരുന്നു. ഇതിന് പുറമെ നികുതിദായകരുടെ ഫണ്ടുകള്‍ ലിംഗന്യൂനപക്ഷങ്ങളുടെ ലിംഗപരിവര്‍ത്തനത്തിനും ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത് തടയും എന്നും ട്രംപ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ട്രാന്‍സെജെന്‍ഡര്‍ വിരുദ്ധ നിലപാടുകള്‍ ട്രംപ് സ്വീകരിക്കുന്നത്. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, മറ്റ് ലിംഗന്യൂനപക്ഷങ്ങള്‍ എന്നിവര്‍ അല്ലാത്തവര്‍ക്ക് സംരക്ഷണം നല്‍കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ‘കമല അവര്‍ക്കുള്ളതാണ്. പ്രസിഡന്റ് ട്രംപ് നിങ്ങള്‍ക്കുള്ളതാണ്’ എന്ന പരസ്യവും ട്രംപ് പുറത്തിറക്കിയിരുന്നു,

ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്നതിന് മുമ്പ് മെറ്റാ, മക്‌ഡൊണാള്‍ഡ്‌സ്, വാള്‍മാര്‍ട്ട് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ലിംഗന്യൂനപക്ഷങ്ങള്‍ക്കായുള്ള തങ്ങളുടെ വിവിധ സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു.

എന്നാല്‍ ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് കോടതിയില്‍ വെല്ലുവിളിക്കപ്പെടുമെങ്കിലും ഭരണകൂടം ഉടനടി മാറ്റങ്ങള്‍ വരുത്തുന്നത് കമ്മ്യൂണിറ്റിക്ക് വെല്ലുവിളി തന്നെയാണെന്ന വിലയിരുത്തലുണ്ട്.

കൂടാതെ ജയിലുകള്‍, മറ്റ് അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളെ അവരുടെ ലിംഗ സ്വത്വത്തിന് വിരുദ്ധമായി അവരുടെ പഴയ ലിംഗവുമായി ബന്ധമുള്ള ഇടങ്ങളിലേക്ക് ഉടന്‍ മാറ്റാന്‍ കഴിയുമെന്ന് ചില ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം സ്ത്രീകളുടെ ജയിലുകളില്‍ കഴിയുന്ന ട്രാന്‍സ് സ്ത്രീകളെ ഉടന്‍ തന്നെ പുരുഷ ജയിലുകളിലേക്കും തിരിച്ചും മാറ്റപ്പെടും.

webdesk13:
whatsapp
line