ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ പരസ്പര താരിഫ് ഉടനെന്ന് ട്രംപ്‌

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ഉടന്‍ തന്നെ പരസ്പര ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ ഉടന്‍ തന്നെ പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തും. കാരണം അതിനര്‍ത്ഥം അവര്‍ നമ്മളില്‍ നിന്ന് ഈടാക്കുന്നു, നമ്മള്‍ അവരില്‍നിന്ന് ഈടാക്കുന്നു എന്നാണ്. ഇത് വളരെ ലളിതമാണ്. ഏത് കമ്പനിയായാലും രാജ്യമായാലും, ഉദാഹരണത്തിന് ഇന്ത്യയായാലും ചൈനയായാലും അല്ലെങ്കില്‍ അവയിലേതെങ്കിലും ആയാലും അവര്‍ എന്ത് ഈടാക്കിയാലും നമ്മള്‍ നീതി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. അവര്‍ നമ്മളില്‍നിന്ന് ഈടാക്കുന്നു, നമ്മള്‍ അവരില്‍നിന്ന് ഈടാക്കുന്നു. ഞങ്ങള്‍ അത് ചെയ്തിട്ടില്ല, ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങള്‍ അത് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്’ ട്രംപ് പറഞ്ഞു.

ട്രംപ് പരസ്പര താരിഫ് ഏര്‍പ്പെടുത്താനുള്ള പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ട്. ട്രംപിന്റെ നയം പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യയ്ക്കു മേലുള്ള യുഎസ് താരിഫ് നിലവിലെ മൂന്ന് ശതമാനത്തില്‍നിന്ന് 15 ശതമാനത്തിന് മുകളിലേക്ക് ഉയരുമെന്ന് മിത്സുബിഷി യുഎഫ്‌ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡിന്റെ വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ട്രംപ് ഭരണകൂടം പരസ്പര താരിഫ് എങ്ങനെയാണ് ഏര്‍പ്പെടുത്തുക എന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല. ഇന്ത്യന്‍ കയറ്റുമതിയില്‍ യുഎസ് 20 ശതമാനം തീരുവ ചുമത്തിയാല്‍ അത് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 50 അടിസ്ഥാന പോയിന്റുകളുടെ നഷ്ടത്തിന് കാരണമാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യ കാന്തി ഘോഷ് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ഇന്ത്യ അന്യായമായ തീരുവകള്‍ ചുമത്തുന്നുവെന്ന വാദത്തെ ചെറുക്കാന്‍ ഉദ്യോഗസ്ഥരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ‘ഇന്ത്യയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട 30 ഇറക്കുമതികള്‍ക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ് താരിഫ് നിരക്കുകള്‍’ എന്നാണ് കഴിഞ്ഞദിവസം ധനകാര്യ സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞത്. ഉയര്‍ന്ന തീരുവകള്‍ വളരെ കുറച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ്. അമേരിക്കയുമായുള്ള ചര്‍ച്ചകളിലൂടെ ആ കാര്യങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk13:
whatsapp
line