X
    Categories: Newsworld

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു; വീഡിയോ നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 12മണിക്കൂര്‍ നേരത്തേക്കാണ് നടപടി. തുടര്‍ന്നും ആവര്‍ത്തിക്കുകയാണെങ്കില്‍ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കി. തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ട്രംപിന്റെ വിവാദ വീഡിയോ ഫെയ്‌സ്ബുക്കും യുട്യൂബും നേരത്തെ നീക്കം ചെയ്തിരു്ന്നു.

യു.എസ് ക്യാപിറ്റോളില്‍ കലാപകാരികളോട് സംസാരിക്കവെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന തന്റെ മുന്‍വാദം ട്രംപ് ആവര്‍ത്തിച്ചിരുന്നു. ഇത് നിലവിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്ക് വീഡിയോ നീക്കം ചെയ്തത്.

അതേസമയം, അമേരിക്കന്‍ പാര്‍ലിമെന്റ് മന്ദിരമായ യു.എസ് കാപ്പിറ്റളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിനിടെ വെടിയേറ്റ് യുവതി മരിച്ചിരുന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കാപ്പിറ്റോള്‍ മന്ദിരത്തിന്റെ അകത്തുകടന്നത്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാഷിംഗ്ടണ്‍ ഡിസി മേയര്‍ വൈകീട്ട് ആറുവരെ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: