X
    Categories: Newsworld

ട്രംപിന്റെ പ്രതീക്ഷകളെല്ലാം അവസാനിച്ചു; തള്ളി സുപ്രീംകോടതിയും

വാഷിങ്ടന്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാല് സ്റ്റേറ്റുകളിലെ 62 ഇലക്ടറല്‍ വോട്ടുകള്‍ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ടെക്‌സസ് അറ്റോണി ജനറല്‍ നല്‍കിയ ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടി കക്ഷി ചേര്‍ന്ന കേസിലാണ് സുപ്രീം കോടതി വിധി. ജോര്‍ജിയ, മിഷിഗന്‍, പെന്‍സില്‍വേനിയ, വിസ്‌കോന്‍സെന്‍ എന്നിവടങ്ങളിലെ 62 ഇലക്ടറല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.

ഈ സ്റ്റേറ്റുകളിലെ ഇലക്ടറല്‍ വോട്ടുകള്‍ ജോ ബൈഡനാണ് ലഭിച്ചിരുന്നത്. ഇതിനെതിരെയാണ് ടെക്‌സസിലെ റിപ്പബ്ലിക്കന്‍ അറ്റോണി ജനറലും ട്രംപിന്റെ അടുത്ത അനുയായിയുമായ കെന്‍ പാക്സ്റ്റന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് പ്രസിഡന്റ് ട്രംപ് കേസില്‍ കക്ഷി ചേര്‍ന്നത്. എന്നാല്‍ വോട്ട് അസാധുവാക്കണമെന്ന് ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

ഇതോടെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കാന്‍ ട്രംപിന് മുന്‍പിലുള്ള നിയമസാധ്യതകള്‍ ഏറെക്കുറെ അടഞ്ഞു. യുഎസിലെ 50 സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി നല്‍കിയിരുന്നു. വെസ്റ്റ് വെര്‍ജീനിയയിലെ വോട്ടെണ്ണലാണ് ഒടുവില്‍ പൂര്‍ത്തിയാക്കിയത്. ജോ ബൈഡന് 306, ഡോണള്‍ഡ് ട്രംപിന് 232 എന്നിങ്ങനെ ഇലക്ടറല്‍ വോട്ട് നിലയില്‍ മാറ്റമില്ല.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നിര്‍ണായക നടപടിയായ ഇലക്ടറല്‍ കോളജ് അംഗങ്ങളുടെ വോട്ടു രേഖപ്പെടുത്തല്‍ 14ന് നടക്കും. ജനുവരി ആറിന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാകും വോട്ടെണ്ണലും ഔദ്യോഗിക ഫലപ്രഖ്യാപനവും. ജനുവരി 20ന് ആണ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. സ്റ്റാഫ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടികള്‍ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും ഇതിനകം ആരംഭിച്ചിരുന്നു.

 

Test User: