യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനോട് നേരിട്ട് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് പുറത്താക്കുന്ന വീഡിയോ വൈറലാകുന്നു. അഭയാര്‍ത്ഥികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഉത്തരവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള തീരുമാനവും ചോദ്യം ചെയ്ത റിപ്പോര്‍ട്ടറെയാണ് ബലം പ്രയോഗിച്ച് ഹാളില്‍ നിന്ന് മാറ്റുന്നത്.
കുടിയേറ്റ നിയമത്തെപ്പറ്റി ചോദ്യം ചോദിച്ചു തുടങ്ങുമ്പോള്‍ തന്നെ ട്രംപ് റിപ്പോര്‍ട്ടറോട് ഇരിക്കാന്‍ കല്‍പ്പിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് ഗൗനിക്കാതെ അദ്ദേഹം ചോദ്യവുമായി മുന്നോട്ടു പോകുന്നു. ’11 ദശലക്ഷം ജനങ്ങളെ നാടുകടത്താന്‍ താങ്കള്‍ക്കാവില്ല. 1900 മൈല്‍ ദൈര്‍ഘ്യമുള്ള മതില്‍ കെട്ടാനും താങ്കള്‍ക്കാവില്ല. ഈ രാജ്യത്തേക്ക് വരുന്നവര്‍ക്ക് പൗരത്വം നിഷേധിക്കാനും താങ്കള്‍ക്കാവില്ല.’ ഇത്രയും പറയുന്നതിനിടെ ട്രംപ് തന്റെ കൂടെയുള്ള ഉദ്യോഗസ്ഥനോട് പത്രപ്രവര്‍ത്തകനെ ഹാളില്‍ നിന്ന് പുറത്താക്കാന്‍ ആംഗ്യം കാണിക്കുകയായിരുന്നു.
ട്രംപിനെ ചോദ്യം ചെയ്ത റിപ്പോര്‍ട്ടറെ പുറത്താക്കുന്ന വീഡിയോ
താനൊരു റിപ്പോര്‍ട്ടറാണെന്നും ചോദ്യം ചോദിക്കുക തന്റെ അവകാശമാണെന്നും പറഞ്ഞ റിപ്പോര്‍ട്ടറെ ശരീരത്തില്‍ പിടിച്ചാണ് പുറത്താക്കുന്നത്. ഹാളില്‍ നിന്ന് പുറത്തു കൊണ്ടുപോകുന്ന ഉദ്യോഗസ്ഥന്‍ ‘എന്റെ രാജ്യത്തു നിന്ന് പുറത്തുപോകൂ…’ എന്നും റിപ്പോര്‍ട്ടറോട് കല്‍പ്പിക്കുന്നുണ്ട്. ‘ഞാനും യു.എസ് പൗരനാണ്’ എന്ന് റിപ്പോര്‍ട്ടര്‍ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥന്‍ അത് മുഖവിലക്കെടുക്കുന്നില്ല.
അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ട്രംപ് ഇതാദ്യമായല്ല പുറത്താക്കുന്നത്. പ്രചരണത്തിനിടെ ഇത്തരം അനേകം സംഭവങ്ങളുണ്ടായി. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട് ചുമതലയേല്‍ക്കുന്നതിനു മുമ്പ് പത്രസമ്മേളനത്തിനിടെ സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ജിം കോസ്റ്റയുമായി ട്രംപ് വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. സി.എന്‍.എന്‍ വ്യാജ വാര്‍ത്ത നല്‍കുന്നുവെന്നാരോപിച്ച് ചോദ്യം ചോദിക്കാനുള്ള അവസരം ട്രംപ് നിഷേധിക്കുകയായിരുന്നു.
സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ജിം കോസ്റ്റയുമായി ട്രംപ് വാക്കേറ്റത്തിലേര്‍പ്പെടുന്നു