X
    Categories: MoreViews

ഡബ്ലു.ടി.ഒയില്‍ നിന്ന് പിന്‍മാറും: ഭീഷണിയുമായി ട്രംപ്

 

വാഷിങ്ടണ്‍: മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് നികുതി കൂട്ടി വാളെടുത്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്ത്.
അമേരിക്കയോടുള്ള നിലപാടില്‍ ഡബ്ലുടിഒ മാറ്റം വരുത്തിയിട്ടില്ലെങ്കില്‍, ലോക വ്യാപാര സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്നാണ് പുതിയ ഭീഷണി. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ തങ്ങള്‍ ആ സംഘടനയില്‍ നിന്ന് ഒഴിയുമെന്ന ബ്ലൂംബെര്‍ഗ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
ഡബ്ല്യു.ടി.ഒ സ്വയം അതിന്റെ നയങ്ങള്‍ തിരുത്തുന്നില്ലെങ്കില്‍ ഞാന്‍ ഈ സംഘടനയില്‍ നിന്ന് പിന്മാറും – അദ്ദേഹം പറഞ്ഞു. ലോക വാണിജ്യത്തെ നിയന്ത്രിക്കുന്നതിന് നിയമങ്ങളും, ചട്ടങ്ങളും രൂപപ്പെടുത്തുകയും അംഗരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുകയുമാണ് ലോക വ്യാപാര സംഘടന ചെയുന്നത്. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം ആഗോള വാണിജ്യ രംഗത്ത് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. ചൈന, ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഇരകളാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ വാഷിങ്ടണ്‍ കുത്തനെ കൂട്ടുകയും ചെയ്തു. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ മേധാവിത്വം കിട്ടുന്ന രീതിയില്‍ കടുത്ത പ്രൊട്ടക്ഷന്‍ സമീപനമാണ് അമേരിക്ക കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വീകരിച്ചു വരുന്നത്. അതിന്റെ തുടര്‍ച്ച എന്നോണമാണ് ഇപ്പോള്‍ ഡബ്ലു.ടി.ഒയ്ക്ക് എതിരെ ട്രംപ് വാളോങ്ങുന്നത്. അതിനിടെ, ഡബ്ല്യുടിഒയുടെ തര്‍ക്ക പരിഹാര കോടതിയിലെ പുതിയ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് അമേരിക്ക തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ഇത് തര്‍ക്ക പരിഹാര നടപടികളെ അവതാളത്തിലാക്കിയിട്ടുണ്ട്. ലോക വ്യാപാര സംഘടന ഉണ്ടാക്കിയിരിക്കുന്നത് എല്ലാ രാജ്യങ്ങളുടെയും നേട്ടത്തിനാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളിലും അമേരിക്കയ്ക്ക് തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളതെന്ന് 2017 ല്‍ ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ട്രംപ് പിന്‍വാങ്ങല്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

chandrika: