X

ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ജനുവരി 20ന് ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. ഭരണകൈമാറ്റം സമാധാനപരമായിരിക്കും നടക്കുകയെന്ന് പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് തന്റെ വിട്ടുനില്‍ക്കല്‍ പ്രഖ്യാപിച്ചത്.

1869ല്‍ അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണ്‍ തന്റെ പിന്തുടര്‍ച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങ് വിട്ടുനിന്നശേഷമുള്ള ആദ്യത്തെ വിട്ടുനില്‍ക്കലാകും ട്രംപിന്റേത്.

ഇതിനിടെ കാപ്പിറ്റോള്‍ മന്ദിരത്തിലെ അതിക്രമങ്ങള്‍ക്കുപിന്നാലെ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൂട്ടരാജി തുടരുകയാണ്. വിദ്യാഭ്യാസസെക്രട്ടറി ബെറ്റ്‌സി ഡിവാസ്, ഗതാഗത സെക്രട്ടറി ഇലെയ്ന്‍ ചാവോ എന്നിവരാണ് വെള്ളിയാഴ്ച രാജി സമര്‍പ്പിച്ചത്.

വൈറ്റ്ഹൗസ് മുന്‍ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് മിക് മുള്‍വാനെ, വൈറ്റ്ഹൗസിലെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ആക്ടിങ് ചെയര്‍മാന്‍ ടൈലര്‍ ഗുഡ്‌സ്പീഡ്, ജോണ്‍ കാസ്റ്റെല്ലോ എന്നിവരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Test User: