വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയിച്ചിട്ടും തോല്‍വി സമ്മതിക്കാത്ത ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെ ബൈഡന് സ്ഥാനം ഒഴിഞ്ഞുനല്‍കണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവുമായ ജേര്‍ഡ് കുഷ്‌നര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
ട്രംപിനോട് കണ്‍സെന്റിംഗ് നടത്തണമെന്ന് കുഷ്‌നര്‍ ആവശ്യപ്പെട്ടതായാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരത്തിന്റെ ഫലം അംഗീകരിക്കാന്‍ താന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുഷ്‌നര്‍ മറ്റുള്ളവരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മത്സരഫലം അംഗീകരിക്കാന്‍ താന്‍ തയ്യാറല്ലാ എന്നാണ് ട്രംപ് ഇപ്പോഴും പറയുന്നത്.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞാലുടന്‍ അമേരിക്കയില്‍ സമ്പൂര്‍ണ മാറ്റം കൊണ്ടുവരാനാണ് ബൈഡന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും ചേരുമെന്നും ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം റദ്ദ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.പല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലുള്ളവരെയും അമേരിക്കയിലേക്ക് കുടിയേറ്റം ചെയ്യുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയും ബൈഡന്‍ ഉടന്‍ റദ്ദ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐക്യം കാത്തു സൂക്ഷിക്കുന്ന പ്രസിഡന്റായിരിക്കും എക്കാലത്തും താനെന്ന് ബൈഡന്‍ വില്‍മിങ്ടണില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞിരുന്നു.’ഒരിക്കലും വിഭജക്കുന്ന പ്രസിഡന്റായല്ല, എല്ലാവരുടെയും ഐക്യം കാത്ത് സൂക്ഷിക്കുന്ന നേതാവായിട്ടായിരിക്കും ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുക,’ എന്നാണ് ബൈഡന്‍ പറഞ്ഞത്.