X
    Categories: Newsworld

തോല്‍വിയില്‍ കലിയടങ്ങാതെ ട്രംപ്; തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

വാഷിങ്ടന്‍: യുഎസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ കൃത്രിമം കാട്ടിയാണ് വിജയിച്ചതെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം തള്ളിയ ഉന്നത തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനെ ട്രംപ് പുറത്താക്കി. തെരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ നിരാകരിച്ച സര്‍ക്കാരിന്റെ ഉന്നത തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥന്‍ ക്രിസ് ക്രെബ്‌സിനെ പുറത്താക്കിയതായി ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് പ്രഖ്യാപിച്ചത്.

‘യുഎസ് തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതും സുരക്ഷിതവുമാണെന്ന ക്രിസ് ക്രെബ്‌സിന്റെ പ്രസ്താവന ശരിയല്ല. യുഎസ് തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടും അപാകതകളും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഉന്നത തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനായ ക്രിസ് ക്രെബ്‌സിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നു’ ട്രംപ് ട്വീറ്റ് ചെയ്തു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഈ ട്വീറ്റ് വാസ്തവ വിരുദ്ധമാണെന്നു ട്വിറ്റര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന തിരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമാണെന്നായിരുന്നു ട്രംപിന്റെ അവകാശവാദത്തിനു താഴെ ട്വിറ്ററിന്റെ വിശദീകരണം.
ആകെ 538 അംഗങ്ങളുള്ളതില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിയതിനു പിന്നാലെ ബൈഡന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി യുഎസിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കഴിഞ്ഞ ആഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തോല്‍വി അംഗീകരിക്കാന്‍ തയാറാവാത്ത ട്രംപ് ഇപ്പോഴും താന്‍ ജയിച്ചെന്ന അവകാശവാദം ആവര്‍ത്തിക്കുകയാണ്.

ഇരുപാര്‍ട്ടികളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ ട്രംപ് തയാറാകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്ന് ബൈഡന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് ക്യാംപ് നിയമയുദ്ധവും ആരംഭിച്ചിട്ടുണ്ട്. പുതിയ പ്രസിഡന്റിനു ഭരണം കൈമാറുന്നതിന്റെ ചുമതലയുള്ള ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്‍ (ജിഎസ്എ) ഇതുവരെ ജോ ബൈഡനെയും കമലാ ഹാരിസിനെയും വിജയികളായി അംഗീകരിച്ചിട്ടില്ല.
അതേസമയം ബൈഡന്‍ വിജയിച്ച മിഷിഗന്‍, ജോര്‍ജിയ, പെന്‍സില്‍വേനിയ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച് ഹര്‍ജികള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Test User: